ന്യൂഡല്‍ഹി: പൗരന്‍മാരുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതില്‍ പൊലീസുദ്യോഗസ്ഥര്‍ അങ്ങേയറ്റം ശ്രദ്ധിക്കണമെന്ന് സുപ്രീം കോടതി. വ്യക്തികളുടെ അന്തസ് ഹനിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഒരു പൊലീസ് ഇന്‍സ്‌പെക്‌ടര്‍ പ്രതിയെ വിലങ്ങണിയിച്ച് അര്‍ദ്ധനഗ്‌നനാക്കി ചെരുപ്പ് മാലയണിച്ച് തെരുവില്‍ കൂടി നടത്തിയ സംഭവം പരിഗണനയിലെത്തിയപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. മഹാരാഷ്‌ട്രയിലാണ് സംഭവമുണ്ടായത്.
സംഭവത്തില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ യാതൊരു സഹിഷ്‌ണുതയും കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അധികാരമുള്ള വ്യക്തികള്‍ സാധാരണക്കാരനായ, പ്രതികരിക്കാനാകാത്ത ഒരാള്‍ക്കെതിരെ നടത്തുന്ന ഇത്തരം നടപടികള്‍ മുഴുവന്‍ നീതിന്യായ സംവിധാനത്തെയും ലജ്ജിപ്പിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
പ്രതികളുടെ അറസ്‌റ്റ് വേളയില്‍ നല്‍കേണ്ട സംരക്ഷണത്തെക്കുറിച്ച് ഡി കെ ബസു കേസില്‍ നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ജസ്‌റ്റിസുമാരായ വിക്രം നാഥും അഹ്‌സനുദ്ദീന്‍ അമനുള്ളയുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇപ്പോഴും കോടതി ഇക്കാര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്നത് ദുഃഖകരമാണ്. ഡി കെ ബസുവിന് മുമ്പ് വ്യക്തികളുടെ അന്തസ് കാത്ത് സൂക്ഷിക്കുന്നതിനും രാജ്യത്തിന്‍റെ താത്പര്യം കാത്തുസൂക്ഷിക്കുന്നതിനും അന്വേഷണ ഏജന്‍സികള്‍ എങ്ങനെ പെരുമാറണമെന്നും 1980 ലെ ഡല്‍ഹി സര്‍ക്കാരും പ്രേം ശങ്കര്‍ ശുക്ലയും തമ്മിലുള്ള കേസില്‍ കോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്നും ജസ്റ്റിസ് അമാനുള്ള ചൂണ്ടിക്കാട്ടി.
എല്ലാ ഭരണഘടന സുരക്ഷയും അറസ്‌റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് ഉറപ്പാക്കുന്നതിന് എല്ലാ സംസ്ഥാനത്തെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പൊലീസിനും അറസ്‌റ്റിന് അധികാരമുള്ള മറ്റ് ഏജന്‍സികള്‍ക്കും പൊതു നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണെന്നും ഈമാസം പതിനെട്ടിന് കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു. അധികമായി ചില മാര്‍ഗനിര്‍ദ്ദേശങ്ങളും ഈ ബെഞ്ച് മുന്നോട്ട് വച്ചിട്ടുമുണ്ട്. അറസ്‌റ്റിനും കസ്‌റ്റഡിക്കും റിമാന്‍ഡിനുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.
മൂന്ന് ലക്ഷം രൂപ മോഷ്‌ടിച്ചെന്ന കുറ്റത്തിന് പരാതിക്കാരനെ 2015 ജൂണിലാണ് അറസ്‌റ്റ് ചെയ്‌തത്. അന്നത്തെ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ തന്നെ വിലങ്ങണിയിച്ച് ചെരുപ്പ് മാലയുമിട്ട് അര്‍ദ്ധനഗ്നനാക്കി തെരുവിലൂടെ നടത്തി. തന്നെ ജാതീയമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും നടത്തുന്നുണ്ടായിരുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. ശാരീരികമായും ഉപദ്രവിച്ചു. ജാമ്യം കിട്ടിയിട്ടും പൊലീസുദ്യോഗസ്ഥന്‍ തന്നെ അനധികൃതമായി നാല് മണിക്കൂറോളം തടവിലാക്കിയെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.
സംഭവത്തില്‍ നീതി തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഇന്‍സ്‌പെക്‌ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിസമ്മതിച്ചു. 1989ലെ പട്ടികജാതി പട്ടികവര്‍ഗ നിയമപ്രകാരം കേസെടുക്കണമെന്നും നഷ്‌ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി 75000 രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും പട്ടികജാതി -പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്‌തു. തുടര്‍ന്നാണ് അപ്പീലുമായി സുപ്രീം കോടതിയിലെത്തിയത്.
പൊലീസ് ഉദ്യോഗസ്ഥന്‍ വിരമിച്ച ആളെന്നും ഇതുവരെ 1,75000 രൂപ ഹര്‍ജിക്കാരന് നല്‍കിയതായും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങളെ കോടതി ശക്തമായി അപലപിക്കുന്നു. അദ്ദേഹം പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജിയില്‍ ബെഞ്ച് മറ്റ് നടപടികളിലേക്ക് കടന്നില്ല. കേസ് ഇവിടെ അവസാനിപ്പിക്കുകയാണെന്നും നീതി ദയയോടെ നടപ്പാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
Also Read:രാഷ്‌ട്രപതിയ്‌ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ; അസാധാരണ നീക്കം