ന്യൂഡല്‍ഹി : വിവിപാറ്റ് സ്ലിപ്പ് ഉപയോഗിച്ച് ഇവിഎം വോട്ടുകളുടെ നൂറ് ശതമാനം സ്ഥിരീകരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി പറയല്‍ മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷനുമുമ്പാകെ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പരിഗണിച്ചാണ് വിധി മാറ്റിയത്. വെരിഫിക്കേഷൻ വിഷയത്തിൽ വിശദീകരണം നല്‍കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
ഇവിഎമ്മുകളുടെ പ്രവർത്തനത്തെക്കുറിച്ച് നേരത്തെ കോടതിയിൽ അവതരിപ്പിച്ച, മുതിർന്ന ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ നിതേഷ് കുമാർ വ്യാസ് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനായി ഉച്ചയ്ക്ക് 2 മണിക്ക് ഹാജരാകാന്‍ ബെഞ്ച് സമൻസ് അയച്ചിരുന്നു. ഇവിഎമ്മുകളെക്കുറിച്ചുള്ള പതിവ് ചോദ്യങ്ങൾക്ക് (എഫ്‌എക്യു) ഇസി നൽകിയ ഉത്തരങ്ങളിൽ ചില ആശയക്കുഴപ്പങ്ങൾ ഉള്ളതിനാൽ കാര്യങ്ങളിൽ വ്യക്തത ആവശ്യമാണെന്ന് ബെഞ്ച് പറഞ്ഞിരുന്നു.
'ഞങ്ങൾക്ക് ചില സംശയങ്ങളുണ്ട്, വ്യക്തത ആവശ്യമാണ്, അതിനാലാണ് ഞങ്ങൾ നിർദ്ദേശങ്ങൾക്കായി വിഷയം പട്ടികപ്പെടുത്തിയത്, ഞങ്ങളുടെ കണ്ടെത്തലുകള്‍ വസ്‌തുതാപരമായി തെറ്റാകാൻ താൽപ്പര്യമില്ലെന്നും ബെഞ്ച് പറഞ്ഞു.
ഇവിഎം പ്രവർത്തനവുമായി ബന്ധപ്പെട്ട്, അവയിൽ ഘടിപ്പിച്ച മൈക്രോകൺട്രോളറുകൾ റീപ്രോഗ്രാം ചെയ്യാവുന്നതാണോ എന്നതുൾപ്പെടെയുള്ള അഞ്ച് ചോദ്യങ്ങൾക്ക് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് തെരഞ്ഞെടുപ്പ് പാനലിലെ ഉദ്യോഗസ്ഥരോട് ഉത്തരം തേടി.
Also Read: വിവിപാറ്റ് മെഷീനിലെ അപാകത, വിശദീകരണവുമായി കാസർകോട് കളക്‌ടര്‍