ന്യൂഡല്‍ഹി: പ്രജ്വല്‍ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണയ്ക്ക് സുപ്രീം കോടതി നോട്ടീസ്. കര്‍ണാടക പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഹര്‍ജിയിലാണ് നോട്ടീസ്. തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയതിനെതിരെയാണ് പ്രത്യേക അന്വേഷണസംഘം ഹര്‍ജി നല്‍കിയത്.
ജസ്‌റ്റിസുമാരായ സൂര്യകാന്തും ഉജ്വല്‍ ഭൂയാനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രാഷ്‌ട്രീയ കാരണങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ പരിശോധിച്ചു. പ്രജ്വലിനെതിരെയുള്ള ഗൗരവമായ ആരോപണങ്ങളും കോടതി പരിശോധിച്ചു. ലൈംഗിക പീഡനക്കേസും നാടുവിടലും പിന്നീട് തിരികെ എത്തിച്ചുള്ള അറസ്‌റ്റുമടക്കമുള്ള വിഷയങ്ങളാണ് കോടതി പരിഗണിച്ചത്. മകനെതിരെ ഇത്തരം ആരോപണങ്ങള്‍ നിലനില്‍ക്കെ അയാളെ രക്ഷിക്കാന്‍ അമ്മ എന്ത് പങ്കാണ് വഹിച്ചതെന്ന് കോടതി ആരാഞ്ഞു.
അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള നടപടിയിലൂടെ ഹൈക്കോടതി അവരെ നീതീകരിക്കുകയാണോയെന്നും സുപ്രീം കോടതി ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കര്‍ണാടകയ്ക്ക് വേണ്ടി ഹാജരായത്. പ്രതിയുടെ കുടുംബത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ഇര തടങ്കലില്‍ ആയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയവരില്‍ ഒരാള്‍ ഭവാനിയാണെന്നും സിബല്‍ കോടതിയെ ബോധിപ്പിച്ചു.
തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ഭവാനി രേവണ്ണയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌ത് കര്‍ണാടക പ്രത്യേക അന്വേഷണസംഘം അഭിഭാഷകനായ വി എന്‍ രഘുപതി വഴിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. മൈസുരുവിലും ഹസനിലും പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
അന്വേഷണത്തോട് ഇവര്‍ സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കാരണം ഇവര്‍ ഇതിനകം തന്നെ 85 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഹസനിലെ മുന്‍ എംപിയും ജനതാദള്‍ എസ് മുന്‍ നേതാവുമാണ് പ്രജ്വല്‍ രേവണ്ണ. ഇയാള്‍ നിരവധി സ്‌ത്രീകളെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഇയാള്‍ക്കെതിരെ പരാതിയും ആരോപണങ്ങളുമായി നിരവധി പേര്‍ ഇതിനകം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.
Also Read:ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നത് വസ്‌തുത'; നീറ്റ് യുജി ഹര്‍ജികളില്‍ സുപ്രീം കോടതി