ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകരുടെ പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഉന്നതാധികാര സമിതി രൂപീകരിച്ച് സുപ്രീം കോടതി. കർഷകരുടെ പ്രതിഷേധം രാഷ്ട്രീയവത്കരിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹരിയാനയിലെ ശംഭു അതിർത്തിയിൽ ഫെബ്രുവരി 13 മുതൽ കര്‍ഷകര്‍ സമരം ചെയ്‌തുവരികയാണ്.
ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് നവാബ് സിങ്ങിൻ്റെ നേതൃത്വത്തിലായിരിക്കും അഞ്ചംഗ ഉന്നതാധികാര സമിതി പ്രവര്‍ത്തിക്കുക എന്ന് കോടതി വ്യക്തമാക്കി. ഒരാഴ്‌ചയ്ക്കകം സമിതിയിലെ അംഗങ്ങള്‍ കർഷകരുമായി ആദ്യ കൂടിക്കാഴ്‌ച നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. പാർശ്വവത്കരിക്കപ്പെട്ടവരും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമായ നിരവധി കര്‍ഷകര്‍ പഞ്ചാബിലും ഹരിയാനയിലും ഉണ്ട്. അവര്‍ സഹാനുഭൂതി അർഹിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു.
അതിർത്തിയിൽ നിന്ന് ട്രാക്‌ടറുകളും ട്രോളികളും മറ്റും നീക്കം ചെയ്യാൻ സമരം ചെയ്യുന്ന കർഷകരോട് അഭ്യർഥിക്കാനും കോടതി സമിതിയെ നിര്‍ദേശിച്ചു. കർഷകർ സമിതിയുടെ വാക്കുകൾ കേള്‍ക്കുമെന്ന പ്രതീക്ഷയും കോടതി പങ്കുവച്ചു. ഇവ നീക്കും ചെയ്യുന്നതിലൂടെ പൊതുജനങ്ങൾക്ക് വലിയ ആശ്വാസം ലഭിക്കും എന്നും കോടതി പറഞ്ഞു.
ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോടും ഡിജിപിയോടും സമിതിയെ സഹായിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ സമിതിയുടെ ചെയർപേഴ്‌സണുമായി കൂടിയാലോചനകള്‍ നടത്തണമെന്നും കോടതി പറഞ്ഞു. സമിതിയിൽ ഉൾപ്പെടുത്തേണ്ട വ്യക്തികളുടെ പട്ടിക നേരത്തെ തന്നെ കോടതി രണ്ട് സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു.
ഏഴ് ദിവസത്തിനകം ഹൈവേ തുറന്ന് ബാരിക്കേഡുകള്‍ നീക്കണമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിനെതിരായി ജൂലായ് 10ന് നൽകിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. അതേസമയം വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്‌പി), നിയമപരമായ ഗ്യാരണ്ടി ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്.