ന്യൂഡൽഹി: ഡൽഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട സമർപ്പിച്ച കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവ് കവിതയ്ക്ക് ആശ്വാസമായി സുപ്രീം കോടതി നടപടി. ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്ന് കവിതക്ക് അനുവദിച്ച സംരക്ഷണം കോടതി മാർച്ച് 13 വരെ നീട്ടി. ജസ്‌റ്റീസുമാരായ ബേല എം ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബഞ്ചാണ് മുൻ ഉത്തരവിൻ്റെ സംരക്ഷം നീട്ടിയത്. മാർച്ച് 13ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് ബെഞ്ച് അറിയിച്ചു.
തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ മകളായ കവിത മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനുള്ള സമൻസ് നിരന്തരം ഒഴിവാക്കുകയാണെന്നും ഏജൻസിക്ക് മുന്നിൽ ഹാജരാകുന്നില്ലെന്നും ഫെബ്രുവരി അഞ്ചിന് ഇഡി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇഡിക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ആണ് ഹാജരായത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് കവിതയ്ക്ക് വേണ്ടി ഹാജരായത്.
സമൻസ് ചോദ്യം ചെയ്‌തുള്ള ഹർജി കോടതി കേൾക്കുന്നതുവരെ കവിതയെ ചോദ്യം ചെയ്യാൻ വിളിക്കില്ലെന്ന് ഇഡിയുടെ അഭിഭാഷകൻ കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീം കോടതിക്ക് ഉറപ്പ് നൽകിയിരുന്നതായി കപിൽ സിബൽ കോടതിയെ ബോധിപ്പിച്ചു. എന്നാൽ അത് അടുത്ത ഹിയറിങ് വരെ മാത്രമാണെന്ന് എസ് വി രാജു പരിഹസിച്ചു. എന്നാൽ വിഷയം അടുത്ത വാദം കേൾക്കുന്ന ദിവസം പരിശോധിക്കുമെന്ന് പറഞ്ഞുകൊണ്ട് ബഞ്ച് കവിതയുടെ സംരക്ഷണം നീട്ടുകയായിരുന്നു.