ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടിലേറെയായി ഭാര്യയുമായി പിരിഞ്ഞ് താമസിക്കുന്ന ബാങ്ക് സിഇഒക്ക് വിവാഹമോചനം അനുവദിച്ച് സുപ്രീം കോടതി. ദുബായ് ആസ്ഥാനമായുള്ള ബാങ്ക് സിഇഒയുടെ വിവാഹം റദ്ദാക്കിയ സുപ്രീം കോടതി, ഭാര്യക്ക് 5 കോടിയും എഞ്ചിനീയറിങ് ബിരുദധാരിയായ മകന് 1 കോടിയും ഒറ്റത്തവണയായി ജീവനാംശം നൽകാനും നിർദേശിച്ചു.
ഭാര്യയുടെ ഇടക്കാല ജീവനാംശം പ്രതിമാസം 1.15 ലക്ഷം രൂപയിൽ നിന്ന് 1.45 ലക്ഷം രൂപയായി വർധിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ ഭർത്താവ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി വരാലെ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് തീർപ്പാക്കിയത്.
ഭാര്യയുടെ ജീവിതനിലവാരം, ഭർത്താവിന്‍റെ സാമ്പത്തിക ഭദ്രത തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ജീവനാംശ തുക നിശ്ചയിച്ചതെന്ന് കോടതി വ്യക്തമാക്കി. 2010 ലെ കണക്കുകൾ അനുസരിച്ച് ഭർത്താവിന് അഞ്ചു കോടിയിലധികം രൂപയുടെ സമ്പാദ്യം ഉണ്ടെന്ന് വ്യക്തമായതാണ്, കോടിക്കണക്കിന് രൂപയുടെ ആസ്‌തി ഭർത്താവിന്‍റെ പേരിലുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇയാള്‍ക്ക് ഏകദേശം 10 മുതൽ 12 ലക്ഷം വരെ മാസ വരുമാനം ഉണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 'മകൻ എഞ്ചിനീയർ ബിരുദധാരിയാണെങ്കിലും മക്കൾക്ക് സംരക്ഷണം നൽകേണ്ടത് പിതാവിന്‍റെ ബാധ്യതയാണെന്ന് പറഞ്ഞ കോടതി ഇന്നത്തെ മത്സര രംഗത്തു പഠനം പൂർത്തിയായാലും ജോലി കണ്ടെത്തൽ അത്ര എളുപ്പമല്ലെന്നും അതുകൊണ്ട് ജീവനാംശത്തിന് മകനും അർഹതയുണ്ടെന്നും നിരീക്ഷിച്ചു.
1998 ഡിസംബറിൽ ഹിന്ദു മതാചാര പ്രകാരമാണ് ദമ്പതികള്‍ വിവാഹിതരാകുന്നത്. ബന്ധം വഷളായതിനെ തുടർന്ന് 2004 ജനുവരി മുതൽ ഇവർ വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനിടെയാണ് ഇവർ വിവാഹമോചനത്തിനുള്ള കേസ് ഫയൽ ചെയ്യുന്നത്.