മുംബൈ : റീല്‍സിനായി വീഡിയോ ചിത്രീകരിക്കാന്‍ കാറോടിച്ച യുവതി അപകടത്തില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ സുഹൃത്തിനെതിരെ കേസ്. മഹാരാഷ്‌ട്ര ഛത്രപതി സ്വദേശിയായ ശ്വേത ദീപക് സുരവാസെയാണ് (23) മരിച്ചത്. യുവതിയുടെ സുഹൃത്ത് സൂരജ് മൂലെയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ജൂണ്‍ 17ന് സുലിഭഞ്ജനിലാണ് കേസിനാസ്‌പദമായ സംഭവം.
മരിച്ച ശ്വേത ദീപക് സുരവാസെയ്‌ക്ക് ഡ്രൈവിങ് അറിയില്ലായിരുന്നു. യുവതിക്ക് ലൈസന്‍സ് ഉണ്ടോയെന്ന കാര്യം അന്വേഷിക്കാതെ കാറിന്‍റെ താക്കോല്‍ കൈമാറിയത് ചൂണ്ടിക്കാട്ടിയാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷ നിയമം 304 (എ) പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
അപകടത്തെ കുറിച്ച് പൊലീസ്: കാര്‍ റിവേഴ്‌സ് ഗിയറിലിരിക്കെ ആക്‌സിലേറ്റര്‍ ചവിട്ടിയതോടെ വാഹനം പിന്നിലേക്ക് നീങ്ങുകയും ക്രാഷ് ബാരിയര്‍ തകര്‍ത്ത് താഴ്‌ചയിലേക്ക് മറിയുകയുമായിരുന്നു. അതേസമയം യുവാവ് വീഡിയോ എടുക്കുകയായിരുന്നുവെന്ന് ഖുൽത്താബാദ് പൊലീസ് പറഞ്ഞു. സംഭവം നടന്ന് ആറ് മണിക്കൂര്‍ കഴിഞ്ഞാണ് സുഹൃത്ത് കുടുംബത്തെ വിവരം അറിയിച്ചത്.
യുവാവിനെതിരെ ആരോപണവുമായി കുടുംബം: സംഭവത്തില്‍ യുവാവിനെതിരെ ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. സുഹൃത്ത് കൊലപാതകം നേരത്തെ ആസൂത്രണം ചെയ്‌തതാണെന്ന് ശ്വേതയുടെ ബന്ധു പ്രിയങ്ക യാദവ് ആരോപിച്ചു. ശ്വേത റീല്‍സ് എടുക്കുകയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്യാത്തയാളാണെന്നും യാദവ് കൂട്ടിച്ചേര്‍ത്തു. കൊലപാതകം ആസൂത്രണം ചെയ്‌ത ഇയാള്‍ വീട്ടില്‍ നിന്നും 40 കിലോമീറ്റര്‍ അകലേയ്‌ക്ക് ശ്വേതയെ കൊണ്ടുപോകുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.