ന്യൂഡൽഹി: ആസ്‌ട്രസെനക്ക-ഓക്‌സ്ഫോഡ് വികസിപ്പിച്ച കോവിഡ് 19 വാക്‌സിനായ കോവിഷീല്‍ഡിന്‍റെ പാർശ്വഫലങ്ങളെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ തങ്ങളുടെ കോവാക്‌സിനെപ്പറ്റി ആശങ്ക വേണ്ടെന്ന് ഭാരത് ബയോടെക്. കോവാക്‌സിന്‍ സുരക്ഷിതമാണെന്ന് വാക്‌സിൻ വികസിപ്പിച്ച ഭാരത് ബയോടെക് ഉറപ്പ് നല്‍കി. 'സുരക്ഷ എന്ന ഒറ്റ മാനദണ്ഡത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്' എന്ന് കമ്പനി പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
ഇന്ത്യയിൽ പരീക്ഷിച്ച് വിജയിച്ച, ഇന്ത്യ സർക്കാരിന്‍റെ കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തില്‍ ഉള്‍പ്പെട്ട ഏക കോവിഡ് വാക്‌സിൻ കോവാക്‌സിന്‍ ആണെന്നും പ്രസ്‌താവനയില്‍ പറയുന്നു. 'കോവാക്‌സിന്‍ വികസിപ്പിച്ചെടുത്തത് സുരക്ഷയിൽ ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചാണ്. തുടർന്ന് ഫലപ്രാപ്‌തിയും' ഭാരത് ബയോടെക് എക്‌സില്‍ കുറിച്ചു. കൊവിഡ് പാൻഡെമിക് ഇന്ത്യയിൽ പടര്‍ന്നു പിടിച്ച കാലത്ത് പ്രാഥമികമായി നൽകിയ വാക്സിനുകളാണ് കോവിഷീൽഡും കോവാക്‌സിനും.
ലൈസൻസ് പ്രക്രിയയുടെ ഭാഗമായി 27,000-ത്തിലധികം വിഷയങ്ങളിൽ കോവാക്‌സിൻ മൂല്യനിർണയം നടത്തിയതായി ഭാരത് ബയോടെക് പ്രസ്‌താവനയിൽ പറഞ്ഞു. വിശദമായ സുരക്ഷാ പ്രക്രിയയ്‌ക്കൊടുവിലാണ് ലൈസൻസ് ലഭിച്ചതെന്നും കമ്പനി പറഞ്ഞു. ഇന്ത്യ ഗവൺമെന്‍റിന്‍റെ ആരോഗ്യ മന്ത്രാലയവും കോവാക്‌സിന്‍റെ സുരക്ഷ വിലയിരുത്തി.
രക്തം കട്ടപിടിക്കൽ, ത്രോംബോസൈറ്റോപീനിയ, ടിടിഎസ്, വിഐടിടി, പെരികാർഡിറ്റിസ്, മയോകാർഡിറ്റിസ് മുതലായവയില്‍ നിന്നെല്ലാം കോവാക്‌സിന്‍റെ സുരക്ഷ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും പ്രസ്‌താവന പറയുന്നു.
കഴിഞ്ഞ ദിവസമാണ് കൊവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. കൊവിഷീൽഡ് അപൂർവമായ പാർശ്വഫലങ്ങളുണ്ടാക്കുമെന്ന് മരുന്ന് നിർമാണ കമ്പനിയായ ആസ്ട്രസെനെക്ക ബ്രിട്ടീഷ് കോടതിയിൽ സമർപ്പിച്ച രേഖയായിരുന്നു വാര്‍ത്തകള്‍ക്കാധാരം. അപൂർവമായ കേസുകളിൽ തലച്ചോറിലോ മറ്റ് ശരീരഭാഗങ്ങളിലോ രക്തം കട്ട പിടിക്കുന്നതിന് വാക്‌സിൻ കാരണമാകുമെന്നായിരുന്നു കമ്പനിയുടെ വെളിപ്പെടുത്തല്‍.
Also Read: കൊവിഡ് വാക്‌സിൻ്റെ പാർശ്വഫലങ്ങള്‍: വാർത്തകളുടെ സത്യമെന്ത്? ഡോ. പത്മനാഭ ഷേണായി പറയുന്നു...