ഭുവനേശ്വർ : ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച് കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളവർക്ക് കാനഡ വിസ നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ശക്തവും സ്വതന്ത്രവുമായ നീതിന്യായ വ്യവസ്ഥയും പൗരന്മാരെ സംരക്ഷിക്കാനുള്ള മൗലിക പ്രതിബദ്ധതയുമുള്ള നിയമവാഴ്ചയുള്ള രാജ്യമാണ് തന്‍റെ കാനഡയെന്ന് പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ജയശങ്കറിന്‍റെ പ്രതികരണം.
ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസില്‍ കാനഡയിൽ മൂന്ന് ഇന്ത്യൻ പൗരന്മാര്‍ അറസ്‌റ്റിലായ പശ്ചാത്തലത്തിലാണ് ട്രൂഡോയുടെ പ്രതികരണം. കനേഡിയൻ പൗരനായ നിജ്ജാർ, 2023 ജൂൺ 18-ന് ആണ് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചത്.
അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരിൽ തീവ്രവാദത്തിനും വിഘടനവാദത്തിനും അക്രമത്തിന്‍റെ വക്താക്കൾക്കും ഇടവും നിയമസാധുതയും നൽകുന്നതാൻ് ജസ്റ്റിൻ ട്രൂഡോയുടെ ഭരണം എന്നും ജയശങ്കര്‍ പറഞ്ഞു. 'വൈ ഭാരത് മാറ്റേഴ്‌സ്' എന്ന പുസ്‌തകത്തെക്കുറിച്ചുള്ള ഒരു സംഭാഷണത്തിനിടെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. പാകിസ്ഥാൻ ചായ്‌വുള്ള കാനഡയിലെ ചിലർ രാഷ്‌ട്രീയമായി സ്വയം സംഘടിക്കുകയും ഒരു രാഷ്ട്രീയ ലോബിയുടെ രൂപം കൈക്കൊള്ളുകയും ചെയ്‌തെന്നും മന്ത്രി പറഞ്ഞു.