മുംബൈ: രൂപയുടെ മൂല്യത്തില്‍ എക്കാലത്തെയു ഏറ്റവും കനത്ത ഇടിവ്. എട്ട് പൈസ കുറഞ്ഞ് അമേരിക്കന്‍ ഡോളറിനെതിരെ 84.50ത്തിലാണ് ഇന്ന് വ്യാപാരം നടത്തിയത്. ആഭ്യന്തര വിപണിയില്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കപ്പെട്ടതോടെയാണ് രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവുണ്ടായത്. ഇതിന് പുറമെ അസ്ഥിരമായ ഭൗമ രാഷ്‌ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ വ്യതിയാനങ്ങളും രൂപയുടെ മൂല്യത്തെ ബാധിച്ചു.
റഷ്യ-യുക്രൈയ്‌ന്‍ സംഘര്‍ഷം മൂര്‍ച്‌ഛിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയെ നിക്ഷേപത്തിനുള്ള സുരക്ഷിത ഇടമായി നിക്ഷേപകര്‍ കണക്കാക്കുന്നതും അമേരിക്കന്‍ കറന്‍സി കരുത്ത് കാട്ടാന്‍ കാരണമാകുന്നുവെന്ന് ഫോറെക്‌സ് ട്രേഡേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ ആഭ്യന്തര ഫണ്ടുകള്‍ പുറത്തേക്ക് ഒഴുകുന്നതും രൂപയ്ക്ക് സമ്മര്‍ദ്ദമേറ്റി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിദേശ ഇടപാടുകളില്‍ തുടക്കത്തില്‍ 84.41ലാണ് രൂപയുടെ വ്യാപാരം തുടങ്ങിയത്. എന്നാല്‍ പകുതിയോടെ അടുത്തപ്പോഴേക്കും ഇത് 84.51ലെത്തി. പിന്നീട് വീണ്ടും താഴ്‌ന്ന് 84.50ത്തിലെത്തുകയായിരുന്നു. ഈ മാസം പതിനാലിന് രൂപയുടെ മൂല്യം 84.46ലെത്തിയതായിരുന്നു ഏറ്റവും കുറഞ്ഞ ഇടിവ്. ചൊവ്വാഴ്‌ച അമേരിക്കന്‍ ഡോളര്‍ ഇന്ത്യന്‍ രൂപയ്ക്കെതിരെ 84.42ലെത്തിയിരുന്നു.
മഹാരാഷ്‌ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് ആയതിനാല്‍ കഴിഞ്ഞ ദിവസം വിദേശനാണ്യ വിപണി അവധിയായിരുന്നു.
അദാനി ഗ്രൂപ്പിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും വിപണിയെ സ്വാധീനിച്ചു. അഴിമതി ആരോപണങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് നിക്ഷേപങ്ങള്‍ പുറത്തേക്ക് ഒഴുകാന്‍ ഇടയാക്കിയെന്ന് വി പി റിസര്‍ച്ച് അനലിസ്റ്റ് ജതീന്‍ ത്രിവേദി പറയുന്നു. രൂപയുടെ മൂല്യം 84.35നും 84.65നുമിടിയിലാകുമെന്നായിരുന്നു വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസംസ്‌കൃത എണ്ണവിലയില്‍ 1.35 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 73.93 ഡോളറാണ് ബാരലിന് നിരക്ക്.
ഇതിനിടെ ആഭ്യന്തര ഓഹരി വിപണിയില്‍, ബോംബെ ഓഹരി സൂചികയില്‍ 0.54ശതമാനം ഇടിഞ്ഞു. 422.59 പോയിന്‍റിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 77,155.79ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയില്‍ 168.60 പോയിന്‍റിന്‍റെ ഇടിവാണ് ഉണ്ടായത്. 23,349.90 പോയിന്‍റില്‍ നിഫ്‌റ്റി വ്യാപാരം അവസാനിപ്പിച്ചു. വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ ഓഹരികള്‍ വിറ്റഴിക്കുന്ന കാഴ്‌ചയ്ക്കാണ് വിപണി ഇന്ന് സാക്ഷ്യം വഹിച്ചത്. 3,411.73 കോടിയുടെ വിദേശ ഓഹരികള്‍ ഇന്ന് മാത്രം വിറ്റഴിച്ചു.