ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം കുറഞ്ഞത് അഹങ്കാരത്തിൻ്റെ ഫലമാണെന്ന പ്രസ്‌താവനയില്‍ നിന്ന് മലക്കം മറിഞ്ഞ് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. രാമനെ ആരാധിച്ചവര്‍ അധികാരത്തിലെത്തിയെന്നും എതിർക്കുന്നവർ അധികാരത്തിന് പുറത്താണെന്നുമാണ് താന്‍ പറഞ്ഞതെന്ന് ഇന്ദ്രേഷ് കുമാർ തിരുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം പുരോഗതി കൈവരിക്കും. ജനങ്ങൾക്ക് ആ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'രാമരാജ്യത്തിന്‍റെ നിയമനിർമാണസഭ നോക്കൂ. രാമനെ ആരാധിച്ചവര്‍ പിന്നീട് അഹങ്കാരികളായി മാറിയതുകൊണ്ട് അവര്‍ക്ക് കിട്ടേണ്ട വോട്ടും അധികാരവും കുറച്ച് രാമന്‍ അവരെ 241 ൽ നിർത്തി. എന്നാല്‍ ഭക്തിയുടെ പേരില്‍ അവരെ തന്നെ വലിയ ഭൂരിപക്ഷമുളള പാര്‍ട്ടിയായി നിലനിര്‍ത്തുകയും ചെയ്‌തു. അതേസമയം, രാമനെ ആരാധിക്കാതിരുന്നവരെ 234 ൽ ഒതുക്കി' - എന്നായിരുന്നു ഇന്ദ്രേഷ് കുമാര്‍ ആദ്യം പറഞ്ഞത്.
ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത്തും സംഘടനയുടെ മുഖമാസികയായ ഓര്‍ഗനൈസറും ബിജെപിയെ "അമിത ആത്മവിശ്വാസമുളളവര്‍" എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ഇന്ദ്രേഷ് കുമാറിൻ്റെ പ്രസ്‌താവന പുറത്തുവന്നത്. ഇതോടെ ഭരണകക്ഷിയായ ബിജെപിയും അതിൻ്റെ ഹിന്ദുത്വ സൈദ്ധാന്തികരായ ആർഎസ്എസും തമ്മിൽ വിള്ളലുകൾ ഉണ്ടെന്ന വാദം ശക്തമായി. പ്രധാനമന്ത്രി മോദി ആർഎസ്എസിനെ അപ്രസക്തമാക്കിയെന്ന ആരോപണവും ഉയര്‍ന്നു. അതിനിടെയാണ് ഇന്ദ്രേഷ് കുമാറിന്‍റെ മലക്കംമറിച്ചില്‍.
Also Read: ധിക്കാരികളെ ഭഗവാന്‍ രാമന്‍ 240-ല്‍ ഒതുക്കി; ബിജെപിക്ക് ആര്‍എസ്‌എസിന്‍റെ വിമര്‍ശനം