നാഗ്‌പൂർ: ആർഎസ്എസ് സർസംഘ്ചാലക് മോഹൻ ഭാഗവതിന്‍റെ സുരക്ഷ വർധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമുള്ള അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സൺ (എഎസ്എൽ) സുരക്ഷയാണ് ഭാഗവതിന് നൽകിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം.
മുമ്പ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്‍റെ (സിഐഎസ്എഫ്) ഇസഡ് പ്ലസ് സുരക്ഷയായിരുന്നു ഭാഗവതിനായി ഒരുക്കിയിരുന്നത്. എന്നാൽ തീവ്ര ഇസ്‌ലാമിക സംഘടനകളിൽ നിന്നുൾപ്പെടെ മോഹൻ ഭാഗവതിന് ഭീഷണി നേരിടുന്നുണ്ടെന്ന് ഡല്‍ഹിയില്‍ നിന്നുള്ള വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ബിജെപി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടയിൽ അവിടുത്തെ സർക്കാർ ഏജൻസികൾ തികച്ചും അശ്രദ്ധമായ രീതിയിലാണ് ആർഎസ്എസ് നേതാവിന്‍റെ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തുന്നതെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് സെഡ് പ്ലസ് കാറ്റഗറിയിൽനിന്ന് അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സൺ കാറ്റഗറി സുരക്ഷ മോഹൻ ഭാഗവതിന് നൽകാൻ തീരുമാനമായത്.
സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കും: സർസംഘചാലക് മോഹൻ ഭാഗവത് താമസിക്കുന്ന സ്ഥലങ്ങളിലും യാത്രയിലും സന്ദർശനത്തിലും മീറ്റിംഗുകളിലും വളരെ കർശനമായ സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കും. സിഐഎസ്എഫിനാണ് സുരക്ഷാ ചുമതല.
വിമാന യാത്രയ്ക്കും ട്രെയിന്‍ യാത്രയ്ക്കും പ്രത്യേക സുരക്ഷകളാണ് ഒരുക്കുക. പ്രത്യേകം രൂപകല്‍പ്പന ചെയ്‌ത ഹെലികോപ്റ്ററില്‍ മാത്രമേ യാത്ര അനുവദിക്കൂ. അദ്ദേഹത്തിന്‍റെ ട്രെയിന്‍ യാത്രയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്‍റിന്‍റെ ഉള്ളിലും സമീപത്തുമായി കര്‍ശനമായ പരിശോധന നടത്തിയ ശേഷമായിരിക്കും യാത്ര തുടരുക.
എന്താണ് അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സൺ: ഒരു വിഐപിയുടെ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാ ഏജൻസികൾ നടത്തുന്ന ഏകോപനവും ആസൂത്രണവുമാണ് അഡ്വാൻസ് സെക്യൂരിറ്റി ലെയ്സോൺ എന്നറിയപ്പെടുന്നത്. വിഐപി സന്ദർശനം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ദിവസങ്ങൾക്ക് മുൻപ് തന്നെ സുരക്ഷാ സേന സന്ദർശനം നടത്തി സ്ഥിതിഗതികൾ വിശദമായി വിലയിരുത്തും.
വിഐപിക്കെതിരെ സാധ്യതയുള്ള ഭീഷണിയടക്കം സേന പരിശോധിക്കും. വിഐപി യാത്ര ചെയ്യുന്ന റൂട്ടുകൾ, സമാന്തര റൂട്ടുകൾ, പങ്കെടുക്കുന്ന വേദികൾ എന്നിവിടങ്ങളിലേക്കും പരിശോധന നീളും. തുടർന്നാകും സുരക്ഷ ആസൂത്രണം ചെയ്യുക.
പൊലീസ്, ഇൻ്റലിജൻസ്, ചില അവസരങ്ങളിൽ സൈന്യം തുടങ്ങിയ ഏജൻസികളുമായി ചേർന്നാണ് അഡ്വാൻസ് സെക്യൂരിറ്റി ലെയ്സോൺ സംഘം സുരക്ഷാ നടപടികൾ സ്വീകരിക്കുക. വിവിധ സാഹചര്യങ്ങൾ നേരിടാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയ ശേഷമാകും സന്ദർശനം അനുവദിക്കുക. എസ്‌പിജിയാകും സുരക്ഷാ നടപടികൾക്ക് മേൽനോട്ടം വഹിക്കുക.
Also Read: 'ബംഗ്ലാദേശിൽ ഹിന്ദുക്കള്‍ അകാരണമായി അക്രമം നേരിടുന്നു': ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്