ബംഗളൂരു: ബംഗളൂരുവിലെ കൊടിഗെഹള്ളിയില്‍ ജ്വല്ലറിയിലെ മോഷണ ശ്രമത്തിനിടെ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ക്ക് പരിക്ക്. കൊടിഗെഹള്ളി ദേവിനഗറിലെ ലക്ഷ്‌മി ബാങ്കേഴ്‌സ് ആന്‍റ് ജ്വല്ലേഴ്‌സിലാണ് കവര്‍ച്ചയ്‌ക്ക് ശ്രമം നടന്നത്. ബൈക്കിലെത്തിയ നാലംഗ സംഘമാണ് മോഷണ ശ്രമത്തിന് പിന്നില്‍. ജ്വല്ലറി ഉടമകളായ അപ്പൂരം, ആന്ദരം എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ 11 മണിയോടെ ബൈക്കിൽ വന്ന, ഹെൽമറ്റ് ധരിച്ച് മുഖം മറച്ച നാലുപേർകടയിൽ കയറി. പിന്നീട് കയ്യിലുണ്ടായിരുന്ന രണ്ട് പിസ്‌റ്റളുകൾ കാണിച്ചാണ് ഇവർ സ്വർണം കവരാൻ ശ്രമിച്ചത്. ഇതിനിടെ ഇവര്‍ നിറയൊഴിക്കുകയും ഒരാളുടെ കാലിനും മറ്റൊരാളുടെ വയറ്റിലും പരിക്കേല്‍ക്കുകയും ചെയ്‌തു. വെടി പൊട്ടിയതിന് പിന്നാലെ മോഷ്‌ടാക്കൾ രക്ഷപ്പെട്ടു.
സംഭവത്തിനുപിന്നാലെ പൊലീസ് പ്രതികള്‍ രക്ഷപെടാന്‍ സാധ്യതയുള്ള എല്ലാ വഴികളും ബ്ലോക്ക് ചെയ്യുകയും പരിശോധന ഊര്‍ജ്ജിതമാക്കുകയും ചെയ്‌തു. പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പലയിടത്തും വാഹന പരിശോധന നടത്തുന്നുണ്ട്.
തികഞ്ഞ ആസൂത്രണത്തോടെയാണ് പ്രതികള്‍ കവര്‍ച്ചയ്‌ക്ക് ശ്രമിച്ചതെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടല്‍. പെട്ടെന്ന് കടയിൽ കയറിയ നാലുപേരിൽ രണ്ടുപേർ പുറത്ത് നിന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ചപ്പോള്‍ മറ്റ് രണ്ടുപേരാണ് തോക്ക് ചൂണ്ടി കവര്‍ച്ചയ്‌ക്ക് ശ്രമിച്ചത്.
വെടിയുതിർത്ത ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികള്‍ ഒരു പിസ്‌റ്റൾ അവിടെ ഉപേക്ഷിച്ചതായി പൊലീസ് പറഞ്ഞു. ഇവർ മോഷണത്തിനാണോ കൊലപാതകത്തിനാണോ എത്തിയതെന്ന സംശയവും പൊലീസിനുണ്ട്.
ഡിജിപി സംഭവസ്‌ഥലത്ത്: കര്‍ണാടക ഡിജിപി അലോക് മോഹനും, സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദും വെടിവയ്‌പ്പ് നടന്ന ജ്വല്ലറിയിലെത്തി പരിശോധന നടത്തിയിരുന്നു. പ്രതികള്‍ നാല് റൗണ്ട് വെടിവച്ചെന്നും, പരിക്കേറ്റവർ അപകടനില തരണം ചെയ്‌തെന്നും കമ്മീഷണർ ബി ദയാനന്ദ് വ്യക്‌തമാക്കി.