പാറ്റ്ന: നിലപാടില്‍ വീണ്ടും മാറ്റം വരുത്തി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ബിജെപിയുമായി നിതീഷ് നേരത്തെ ധാരണയിലെത്തിയെന്നാണ് സൂചന(Bihar Crisis). നിതീഷിന്‍റെ നിലപാട് മാറ്റം ആര്‍ജെഡിയില്‍ ചില ഭിന്നതകളുണ്ടാക്കിയെന്നും സൂചനയുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ഏവരും ലാലുപ്രസാദ് യാദവിന്‍റെ നിലപാടിനായാണ് കാത്തിരിക്കുന്നത്. നിതീഷിന് ഇത്തവണയും ഭരിക്കാനാകുമോ, അതോ ലാലു കളം നിറയുമോ എന്നാണ് ബിഹാര്‍ രാഷ്‌ട്രീയം ഉറ്റുനോക്കുന്നത് (RJD JDU Congress BJP Meetings).
ജനതാദള്‍ (യു) നിയമസഭ കക്ഷി യോഗം നാളെ: മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാളെ ജെഡിയുവിന്‍റെ നിയമസഭ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വസതിയിലാണ് യോഗം. നിതീഷ് കുമാറിന്‍റെ തീരുമാനം യോഗത്തില്‍ പാര്‍ട്ടി അംഗീകരിക്കുമെന്നാണ് സൂചന. എന്നാല്‍ ഇത് ഒരു നടപടിക്രമം മാത്രമാണെന്നും, നിതീഷ് എന്ത് തീരുമാനമെടുത്താലും ജെഡിയു അത് അംഗീകരിക്കുകയാണ് പതിവെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വിജേന്ദ്ര യാദവിനെ പോലുള്ള ചില നേതാക്കള്‍ യോഗത്തില്‍ പ്രതിഷേധിക്കാനും സാധ്യതയുണ്ട്.
ആര്‍ജെഡി നിയമസഭ കക്ഷിയോഗം ഇന്ന്: ആര്‍ജെഡി നിയമസഭ കക്ഷിയോഗം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് നടക്കുമെന്നാണ് വിവരം. യോഗത്തിന് ശേഷം നിതീഷ് കുമാര്‍ സര്‍ക്കാരിനുള്ള പിന്തുണ ആര്‍ജെഡി പിന്‍വലിക്കുമെന്നാണ് സൂചന. ഇതിന് ശേഷം തേജസ്വി യാദവ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. (Tejashwi Yadav May Claim to Form Govt)
ബിജെപി, കോൺഗ്രസ് നിയമസഭ കക്ഷിയോഗങ്ങളും ഇന്ന്: ആര്‍ജെഡിക്ക് പുറമെ ബിജെപിയും ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. പാറ്റ്നയിലെ പാര്‍ട്ടി ഓഫീസില്‍ വൈകിട്ട് നാല് മണിയ്ക്കാണ് യോഗം. കോണ്‍ഗ്രസും ഇതിനൊപ്പം ചില തയാറെടുപ്പുകള്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗവും ഇന്നുണ്ടായേക്കുമെന്ന് സൂചനയുണ്ട്. അത് പക്ഷേ പാറ്റ്നയില്‍ ആകില്ല പൂര്‍ണിയയില്‍ ആകുമെന്നാണ് റിപ്പോര്‍ട്ട്. യോഗത്തിലേക്ക് എല്ലാ എംഎല്‍എമാരെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഫോണിലൂടെ ക്ഷണിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര സീമാഞ്ചലിലൂടെ കടന്ന് പോകുന്നതിനാല്‍ നേതാക്കള്‍ക്ക് അതിലും പങ്കെടുക്കേണ്ടതുണ്ട്.
Also Read: 'ചാടിക്കളിക്കുന്ന നിതീഷ്, പൊളിയുന്ന 'ഇന്ത്യ' മുന്നണി'...ബിഹാർ നാടകം തുടരുന്നു
വരും ദിവസങ്ങള്‍ ബിഹാര്‍ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായക ദിനങ്ങളാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ നല്‍കുന്ന സൂചന. വലിയൊരു രാഷ്ട്രീയ കുതിരക്കച്ചവടത്തിന് സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു. ഇതിന് പുറമെ ആരാകണം ഉപമുഖ്യമന്ത്രി, മന്ത്രിമാര്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങളിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മന്ത്രി ക്വോട്ട സംബന്ധിച്ച ചില ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്.