കൊൽക്കത്ത: യുവ ഡോക്‌ടറുടെ ബലാത്സംഗ കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താലയിലെ പൊലീസ് ഉദ്യോഗസ്ഥന്‍റെ വൈദ്യപരിശോധന പൂര്‍ത്തിയായി. താല പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള അഭിജിത് മൊണ്ടലിന്‍റെ പരിശോധനയാണ് പൂര്‍ത്തിയായത്. ബിആർ സിങ് ഹോസ്‌പിറ്റലില്‍ നടന്ന പരിശോധനയ്ക്ക് ശേഷം ഇയാളെ സിബിഐ കൊൽക്കത്തയിലെ സ്‌പെഷ്യൽ ക്രൈംബ്രാഞ്ചില്‍ എത്തിച്ചു.
ആർജി കർ മെഡിക്കൽ കോളജ് ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനൊപ്പമാണ് അഭിജിത്തിനെ സിബിഐ അറസ്റ്റ് ചെയ്‌തത്.അതേസമയം, കൊല്‍ക്കത്തയില്‍ ജൂനിയർ ഡോക്‌ടർമാർ അഞ്ചാമത്തെ ദിവസവും പ്രതിഷേധം തുടരുകയാണ്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ഏരിയയിലുള്ള സ്വാസ്ഥ്യ ഭവനിലാണ് പ്രതിഷേധം നടക്കുന്നത്.
ഇന്നലെ (സെപ്‌റ്റംബര്‍ 14) രാവിലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇവിടെയെത്തി സമരം ചെയ്യുന്ന ഡോക്‌ടർമാരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഡോക്‌ടര്‍മാരുടെ ആവശ്യങ്ങൾ പരിഹരിക്കുമെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. ഡോക്‌ടർമാരോട് പ്രതിഷേധം അവസാനിപ്പിച്ച് ജോലിയിലേക്ക് മടങ്ങാനും മമത ബാനര്‍ജി അഭ്യർഥിച്ചു.
ഓഗസ്റ്റ് 9നാണ് ആർജി കർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ വച്ച് രണ്ടാം വർഷ ബിരുദാനന്തര മെഡിക്കൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
Also Read: കൊല്‍ക്കത്ത ബലാത്സംഗക്കൊല: ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് സിപിഎം യുവനേതാവ് അറസ്റ്റില്‍