ഹൈദരാബാദ്: തനിക്കെതിരെയുള്ള സോഷ്യല്‍ മീഡിയ കമന്‍റില്‍ പ്രതികരിച്ച് നടിയും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്‍റെ മുന്‍ ഭാര്യയുമായ രേണു ദേശായ്. തന്നെ നിര്‍ഭാഗ്യവതിയെന്ന് വിളിക്കുന്നത് ഏറെ വിഷമിപ്പിക്കുന്നുവെന്ന് രേണു ദേശായ് പറഞ്ഞു. തന്നെ ഇങ്ങനെ വിളിക്കരുതെന്ന് പറഞ്ഞ് താന്‍ മടുത്തെന്നും രേണു ദേശായ്. സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ കമന്‍റ് ബോക്‌സ് ഇത് കാരണം ഒരു ഘട്ടത്തില്‍ പൂട്ടേണ്ടി വന്നുവെന്നും അവര്‍ പറയുന്നു. എന്നാല്‍ ചിലരിപ്പോഴും രേണുദേശായ് ഹാഷ്‌ടാഗില്‍ ഇത്തരം പോസ്റ്റുകള്‍ തുടരുന്നുണ്ടെന്നും രേണു പറഞ്ഞു. .
അടുത്തിടെ ആന്ധ്രപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനസേന നേതാവ് പവന്‍ കല്യാണിന്‍റെ മുന്‍ ഭാര്യയാണിവര്‍. ഇതിന്‍റെ പേരിലാണ് ഈ അപമാനങ്ങള്‍ എല്ലാം സഹിക്കേണ്ടി വന്നിരിക്കുന്നത്. അടുത്തിടെ ഇദ്ദേഹം സംസ്ഥാന പഞ്ചായത്തീരാജ് മന്ത്രിയും ഉപമുഖ്യമന്ത്രിയുമായി. അപ്പോള്‍ മുതലാണ് വീണ്ടും രേണുദേശായിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നത്.
നിങ്ങള്‍ നിര്‍ഭാഗ്യവതിയാണ് എന്നാണ് ഒരാള്‍ കമന്‍റ് ചെയ്‌തത്. ഞാന്‍ നിര്‍ഭാഗ്യവതിയാണെന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാനാകും? നിങ്ങളുടെ മറുപടിക്കായി ഞാന്‍ കാത്തിരിക്കുന്നുവെന്നും അവര്‍ മറുപടി നല്‍കി. നിര്‍ഭാഗ്യവതിയെന്ന വാക്ക് തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് ഇവര്‍ പറയുന്നു. തന്‍റെ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചപ്പോള്‍ മുതല്‍ ഇത് താന്‍ കേള്‍ക്കുന്നതാണ്.
ഒരാളുമായി ബന്ധപ്പെടുത്തി തന്‍റെ ഭാഗ്യം എങ്ങനെയാണ് നിശ്ചയിക്കുക? എന്‍റെ ജീവിതത്തില്‍ സംഭവിച്ചതിനോടെല്ലാം എനിക്ക് നന്ദിയുണ്ട്. എനിക്ക് നഷ്‌ടപ്പെട്ടതിനെയോ ഇല്ലാത്തതിനെയോ ഓര്‍ത്ത് ഞാന്‍ സങ്കടപ്പെടാറില്ല. വിവാഹ മോചനത്തിനത്തിലൂടെ ഒരു സ്‌ത്രീയോ പുരുഷനോ ഭാഗ്യമില്ലാത്തവരാകുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. അവരുടെ വൈവാഹിക ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകാതിരിക്കുക മാത്രമാണ് സംഭവിക്കുന്നതെന്നും രേണു പറഞ്ഞു.
നമ്മള്‍ 2024ലാണ് ജീവിക്കുന്നത്. ഒരാളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ അവരുടെ വിവാഹമോചനത്തെയോ മരിച്ചുപോയ പങ്കാളിയുമായോ താരതമ്യം ചെയ്യേണ്ടതില്ലെന്ന് തന്‍റെ പോസ്റ്റിന് താഴെ ഇവര്‍ കുറിച്ചിട്ടുണ്ട്. സമൂഹം ഇനിയും മാറേണ്ടിയിരിക്കുന്നു. വിവാഹമോചിതനായ ഒരാളെ മനുഷ്യനായി മാത്രം കാണുക.
അവരുടെ കഴിവും കഠിനാധ്വാനവും മാത്രം അടിസ്ഥാനമാക്കി അവരെ വിലയിരുത്തുക. പഴഞ്ചന്‍ ചിന്താഗതികള്‍ മാറ്റിവയ്ക്കൂ. നിങ്ങളുടെ മാനസികാവസ്ഥ മാറ്റൂവെന്നും രേണു കുറിച്ചു. ഇതിന്‍റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കപ്പെടുന്നുണ്ട്. അതേസമയം പവന്‍ കല്യാണ്‍ വിഷയത്തില്‍ രേണുവിനെ വിമര്‍ശിക്കുന്നത് അവസാനിപ്പിക്കാന്‍ ചിലര്‍ ആവശ്യപ്പെടുന്നു.
Also Read: പവൻ കല്യാൺ ആന്ധ്ര ഉപമുഖ്യമന്ത്രി; ആശംസയറിയിച്ച് മുൻ ഭാര്യ രേണു ദേശായി