കൊൽക്കത്ത : മണിക്കൂറിൽ 80-90 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച 'റിമാൽ' ചുഴലിക്കാറ്റ് ദുർബലപ്പെട്ടുവെന്ന് കാലാവസ്ഥ വകുപ്പ്. പുലർച്ചെ 5.30 ന് സാഗർ ദ്വീപിൽ നിന്ന് 150 കിലോമീറ്റർ വടക്കുകിഴക്കായി കാണപ്പെട്ട ചുഴലിക്കാറ്റ് കൊൽക്കത്തയിലും പശ്ചിമ ബംഗാളിലെ തീരദേശ ജില്ലകളിലും ഒറ്റരാത്രികൊണ്ട് കനത്ത മഴ പെയ്യിച്ചിരുന്നു. ഇത് വടക്കുകിഴക്കൻ ദിശയിലേക്ക് നീങ്ങാനും കൂടുതൽ ദുർബലമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഞായറാഴ്‌ച രാവിലെ 8.30 നും തിങ്കളാഴ്‌ച പുലർച്ചെ 5.30 നും ഇടയിലുള്ള കാലയളവിൽ 146 മില്ലിമീറ്റർ മഴയാണ് കൊൽക്കത്തയിൽ രേഖപ്പെടുത്തിയത്. മെട്രോപോളിസിൽ മണിക്കൂറിൽ 74 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുകയും നഗരത്തിന്‍റെ വടക്കൻ പ്രദേശത്ത് മണിക്കൂറിൽ 91 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുകയും ചെയ്‌തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഹൽദിയ (110 മില്ലിമീറ്റർ), തംലുക്ക് (70 മില്ലിമീറ്റർ), നിംപിത്ത് (70 മില്ലിമീറ്റർ) എന്നിങ്ങനെയാണ് തെക്കൻ ബംഗാളിൽ ഈ കാലയളവിൽ കനത്ത മഴ പെയ്‌ത മറ്റ് സ്ഥലങ്ങൾ. കൊൽക്കത്ത, നാദിയ, മുർഷിദാബാദ് ഉൾപ്പടെയുള്ള തെക്കൻ ജില്ലകളില്‍ കൂടുതൽ മഴ പെയ്യുമെന്നും ചൊവ്വാഴ്‌ച രാവിലെ വരെ ശക്തമായ ഉപരിതല കാറ്റ് ഉണ്ടാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിച്ചിരിക്കുന്നത്.
ALSO READ: 'റിമാല്‍' കരതൊട്ടു; പശ്ചിമ ബംഗാളില്‍ നാശം വിതച്ച് കാറ്റും മഴയും