ശ്രീനഗർ : ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനത പാർട്ടിയുടെ ഒന്നാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ രണ്ടാം പട്ടിക ഉടൻ പുറത്തിറക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രവീന്ദർ റെയ്‌ന പറഞ്ഞു. ഒന്നാം ഘട്ടത്തിലെ 15 സ്ഥാനാർഥികളുടെ പുതുക്കിയ പട്ടികയാണ് പാർട്ടി പുറത്തിറക്കിയത്. സ്ഥാനാഥികളുടെ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി കണക്കിലെടുത്താണ് ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
'ഓഗസ്‌റ്റ് 27ന് ആണ് തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അതിനാൽ പാർട്ടി അതിന്‍റെ ആദ്യ പട്ടികയിൽ, സ്ഥാനാർഥികളുടെ പേരുകൾ പുറത്തുവിട്ടു. പാർട്ടി ഉടൻ രണ്ടാം പട്ടിക പുറത്തിറക്കും. ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പിനെ ബിജെപി ഒറ്റയ്ക്ക് നേരിടും' എന്ന് രവീന്ദർ റെയ്‌ന പറഞ്ഞു.
പാർട്ടിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി സ്ഥാനാർഥി അർഷിദ് ഭട്ട് നന്ദി പ്രകടിപ്പിച്ചു. പുൽവാമ ജില്ലയിലെ രാജ്‌പോര നിയമസഭ മണ്ഡലത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്. 'സാമൂഹിക സേവനത്തിനുള്ള എന്‍റെ ശ്രമങ്ങൾ തിരിച്ചറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞാൻ നന്ദി പറയുന്നു, പുൽവാമയിലെ ജനങ്ങളുടെ ശബ്‌ദമാകാൻ അദ്ദേഹം എനിക്ക് അവസരം നൽകി' എന്ന് അർഷിദ് ഭട്ട് പറഞ്ഞു.
നമ്മൾ ചരിത്രത്തിലേക്ക് നോക്കുകയാണെങ്കിൽ, പുൽവാമയുടെ ബൗദ്ധിക സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടു, ജമ്മു കശ്‌മീർ ബാങ്ക് കൊള്ളയടിക്കപ്പെട്ടു, അഴിമതി നിറഞ്ഞ നേതൃത്വം സ്ഥാപിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാംപോർ അസംബ്ലി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി എർ സയ്യിദ് ഷോകത്ത് ഗയൂർ അന്ദ്രാബിയും പാർട്ടിക്ക് നന്ദി പറഞ്ഞു. 'എന്നിൽ വിശ്വാസം പ്രകടിപ്പിച്ചതിന് പാർട്ടിയോട് ഞാൻ നന്ദി പറയുന്നു. ഈ തെരഞ്ഞെടുപ്പിൽ വലിയ മത്സരം തന്നെ നടക്കുമെന്നതിൽ സംശയമില്ല. കഴിഞ്ഞ 19 വർഷമായി ഞാൻ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച് വരികയാണ്' എന്ന് എർ സയ്യിദ് ഷോകത്ത് ഗയൂർ അന്ദ്രാബി പറഞ്ഞു.
മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പ് നടക്കുന്നത് എന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. സെപ്‌റ്റംബർ 18, 25, ഒക്‌ടോബർ 1 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് ഫലം ഒക്‌ടോബർ 4 ന് പ്രഖ്യാപിക്കും. ആകെ 90 അസംബ്ലി മണ്ഡലങ്ങളാണ് ജമ്മു കശ്‌മീരിലുള്ളത്, അതിൽ 7 സീറ്റുകൾ എസ്‌സിക്കും 9 സീറ്റുകൾ എസ്‌ടിക്കും സംവരണം ചെയ്‌തിരിക്കുന്നു.
Also Read: 'തീവ്രവാദത്തെയും വിഘടനവാദത്തെയും പിന്തുണയ്ക്കുന്നു'; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പുഷ്‌കർ സിങ് ധാമി