ബെല്ലാരി (ബെംഗളൂരു): ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതി കസ്റ്റഡിയില്‍. കർണാടകയിലെ ബെല്ലാരിയിൽ നിന്നാണ് പ്രതിയെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തത്. ബുധനാഴ്‌ച പുലർച്ചെ നാല് മണിയോടെ യുവാവിന്‍റെ വീട് റെയ്‌ഡ് ചെയ്യുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയി.
മാർച്ച് ഒന്നിന് ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിലെ രാമേശ്വരം കഫേയിൽ നടന്ന സ്ഫോടനത്തില്‍ 9 പേർക്ക് പരിക്കേറ്റിരുന്നു. തീവ്രത കുറഞ്ഞ ബോംബ് ആയതിനാൽ കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല. സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള സ്‌ഫോടനമാണെന്നാണ് ആദ്യം കരുതിയിരുന്നത്.
പിന്നീട് കഫേയില്‍ നിന്നും അനുബന്ധ പ്രദേശങ്ങളില്‍ നിന്നും എടുത്ത സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌ഫോടകവസ്‌തുക്കൾ അടങ്ങിയ ബാഗ് ഉപേക്ഷിച്ചിരുന്നതായി കണ്ടെത്തിയത്. സംഭവത്തില്‍ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൂടാതെ പ്രതികളുടെ ചിത്രങ്ങളും എൻഐഎ പുറത്തുവിട്ടിരുന്നു.