ബെംഗളുരു: രാമനഗര ജില്ലയുടെ പേര് മാറ്റത്തിന് കര്‍ണാടക മന്ത്രിസഭയുടെ അംഗീകാരം. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം. കര്‍ണാടക നിയമ-പാര്‍ലമെന്‍ററികാര്യമന്ത്രി എച്ച് കെ പാട്ടീല്‍ ആണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
രാമനഗര ജില്ലയുടെ പേര് മാറ്റം സംബന്ധിച്ച് ജില്ലാ നേതാക്കള്‍ നല്‍കിയ നിര്‍ദേശത്തെക്കുറിച്ച് ഡി കെ ശിവകുമാര്‍ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. രാമനഗരത്തിന്‍റെ ഭാവി വികസനങ്ങള്‍ ഉദ്ദേശിച്ചാണ് ഈ പേര് മാറ്റം. ചന്നപട്ടണ, മഗാഡി, കനകപുര, ഹരോഹള്ളി താലൂക്കുകളില്‍ നിന്നുള്ള പ്രതിനിധി സംഘമാണ് രാമനഗരത്തിന്‍റെ പേര് ബെംഗളുരു സൗത്ത് എന്നാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ചുമതലയുള്ള മന്ത്രിമാര്‍ എംഎല്‍എമാരടക്കമുള്ള സംഘമാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. നേരത്തെ രാമനഗരം, ബെംഗളുരു സിറ്റി, ദോദ്ദബല്ലാപ്പൂര്‍, ദേവനഹള്ളി, ഹോസ്‌കോട്ടെ, കനകപുര, ഛന്നപട്ടണം, മഗാഡി, തുടങ്ങിയവ ബെംഗളുരു ജില്ലയുടെ ഭാഗമായിരുന്നു. എന്നാല്‍ ഭരണസൗകര്യത്തിനായി ബെംഗളുരു നഗരം, ബെംഗളുരു റൂറല്‍, രാമനഗര ജില്ലകളായി ഇതിനെ വിഭജിക്കുകയായിരുന്നുവെന്ന് ശിവകുമാര്‍ ചൂണ്ടിക്കാട്ടി.
ബെംഗളുരു ആഗോളതലത്തില്‍ അറിയപ്പെടുന്ന സ്ഥലമാണ്. അത് കൊണ്ട് തന്നെ ഈ പേരുമാറ്റം അനിവാര്യമാണ്. ഈ പേര് മാറ്റം ഈ പ്രദേശങ്ങള്‍ക്കെല്ലാം വലിയ വികസനമുണ്ടാകും. വ്യവസായങ്ങളെ ഇങ്ങോട്ട് ക്ഷണിക്കാനാകും. വസ്‌തുവിന്‍റെ വില വര്‍ദ്ധിക്കും.
ആന്ധ്രയും തമിഴ്‌നാടുമാണ് ബെംഗളുരുവിന്‍റെ രണ്ട് അതിര്‍ത്തി പ്രദേശങ്ങള്‍. തുംകൂര്‍ മാത്രമാണ് ഈ മേഖലയില്‍ വികസിക്കാനുള്ളത്. പുതിയ ജില്ല ഉണ്ടാക്കുകയല്ല മറിച്ച് പഴയ ജില്ലയുടെ പേര് മാത്രമാണ് മാറ്റിയതെന്ന് പുതിയ ജില്ലയിലെ മണ്ഡലങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ശിവകുമാര്‍ മറുപടി നല്‍കി.
Also Read: ഉത്തർപ്രദേശിൽ വീണ്ടും പേരുമാറ്റം: ഗാസിയാബാദിനെ പുനർനാമകരണം ചെയ്യും, മൂന്ന് പേരുകൾ പരിഗണനയിൽ