ഗുജറാത്ത് : രാജ്‌കോട്ട് ടിആർപി ഗെയിം സോണില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഗയിമിങ് സോണ്‍ ഉടമസ്ഥന്‍ യുവരാജ് സിങ് സോളങ്കി, പ്രകാശ് ജെയിൻ എന്നിവരുൾപ്പെടെ ആറ് പ്രതികൾക്കെതിരെയാണ് താലൂക്ക് പൊലീസ് കേസെടുത്തത്.
ഐപിസി 304, 308, 337, 338, 114 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് നിരവധി പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ് താലൂക്ക് പൊലീസ്.
അതേസമയം, രാജ്‌കോട്ട് ഗെയിം സോണിലുണ്ടായ തീപിടിത്തം കോടതി മുമ്പാകെയെത്തി. തീപിടിത്തവുമായി ബന്ധപ്പെട്ട് ബാർ അസോസിയേഷൻ ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി സമര്‍പ്പിച്ചു. സംഭവത്തില്‍ ഫയർ സേഫ്റ്റി സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും പ്രത്യേക ബെഞ്ചിൽ ഹൈക്കോടതി ലോയേഴ്‌സ് ബാർ അസോസിയേഷൻ പ്രസിഡന്‍റ് ബ്രിജേഷ് ത്രിവേദി പറഞ്ഞു.
ഗുജറാത്തിലെ മറ്റ് സ്ഥലങ്ങളിലും ഗെയിം സോണുകൾ ഉണ്ടെന്നും ഗെയിം സോണുകളിലെ അശ്രദ്ധയ്ക്ക് ഉടമകൾക്കെതിരെ നടപടിയെടുക്കണമെന്നും ബാര്‍ അസോസിയേഷന്‍ പറഞ്ഞു. രാജ്‌കോട്ടിലുണ്ടായത് മനുഷ്യ നിർമിത ദുരന്തമാണെന്ന് ഹൈക്കോടതി പറഞ്ഞു. വിഷയം നാളെ ഹൈക്കോടതി പരിഗണിക്കും.
ശനിയാഴ്‌ച വൈകിട്ടോടെയാണ് രാജ്‌കോട്ടിലെ നാനാ മൗവ റോഡിലെ ടിആർപി ഗെയിം സോണില്‍ തീപിടത്തമുണ്ടായത്. കുട്ടികളുള്‍പ്പടെ 28 പേരാണ് അപകടത്തില്‍ മരിച്ചത്.
Also Read : രാജ്‌കോട്ട് ഗെയിം സോണിലെ തീപിടിത്തം; മരണസംഖ്യ 28 ആയി - Rajkot TRP Game Zone Fire Incident