ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളെ (ഇവിഎം) കുറിച്ചുള്ള ഇലോൺ മസ്‌കിന്‍റെ അഭിപ്രായങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളെക്കുറിച്ച് ഇലോൺ മസ്‌കിന്‍റെ എക്‌സിലെ പോസ്‌റ്റിന് പ്രതികരിച്ചുകൊണ്ടാണ് ചന്ദ്രശേഖറിന്‍റെ മറുപടി.
അപകടസാധ്യത കുറവാണെങ്കിലും മനുഷ്യരോ എഐയോ ഹാക്ക് ചെയ്യാനുള്ള സാധ്യതയുള്ളതിനാൽ അവ ഇല്ലാതാക്കണമെന്നാണ് മസ്‌ക് എക്‌സില്‍ കുറിച്ചത്. എന്നാല്‍ സുരക്ഷിത ഡിജിറ്റൽ ഹാർഡ്‌വെയർ നിർമ്മിക്കാൻ ആർക്കും കഴിയില്ലെന്ന് സൂചിപ്പിക്കുന്ന ഒരു തെറ്റായ സാമാന്യവൽക്കരണ പ്രസ്‌താവനയാണിതെന്നും, എലോൺ മസ്‌കിന്‍റെ വീക്ഷണം യുഎസിലും മറ്റ് സ്ഥലങ്ങളിലും ബാധകമായേക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇന്‍റർനെറ്റ് കണക്റ്റുചെയ്‌ത വോട്ടിങ് മെഷീനുകൾ നിർമ്മിക്കാൻ അവർ സാധാരണ കമ്പ്യൂട്ട് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നു. എന്നാൽ ഇന്ത്യയിലെ ഇവിഎമ്മുകൾ പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതും, സുരക്ഷിതവും ഏതെങ്കിലും നെറ്റ്‌വർക്കിൽ ബന്ധിപ്പിക്കാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. കണക്റ്റിവിറ്റി ഇല്ല, വൈഫൈ, ബ്ലൂടൂത്ത്, ഇന്‍റർനെറ്റ് എന്നിവ ഇല്ല. അതായത്, റീപ്രോഗ്രാം ചെയ്യാൻ കഴിയാത്ത ഫാക്‌ടറി പ്രോഗ്രാം ചെയ്‌ത കൺട്രോളറുകളാണ് ഇന്ത്യൻ ഇവിഎമ്മില്‍ ഉള്ളതെന്നും രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്‌തു.
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും മസ്‌കിൻ്റെ പോസ്‌റ്റിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. ഇവിഎമ്മുകളുടെ സുതാര്യതയെ പലപ്പോഴും ചോദ്യം ചെയ്‌തിട്ടുള്ള രാഹുൽ ഗാന്ധി അവയെ 'ബ്ലാക്ക് ബോക്‌സ്' ആയാണ് വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ഇവിഎമ്മുകൾ ഒരു 'ബ്ലാക്ക് ബോക്‌സ്' ആണ്. അത് പരിശോധിക്കാൻ ആരെയും അനുവദിക്കുന്നില്ല. നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർന്നുവരുന്നു. ജനാധിപത്യം കപടമായും വഞ്ചനയ്ക്ക് ഇരയായും അവസാനിക്കുന്നതായും രാഹുൽ ഗാന്ധി എക്‌സില്‍ കുറിച്ചു.