ജോധ്പൂർ : മുഗൾ ചക്രവർത്തി അക്ബറിനെ ബലാത്സംഗിയെന്ന് വിളിച്ച് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ രംഗത്ത്. മീനാ ബസാർ നടത്തി അവിടെ നിന്നും പെൺകുട്ടികളെയും സ്‌ത്രീകളെയും കൂട്ടിക്കൊണ്ടുപോകാറുണ്ടെന്നും ദിലാവർ ആരോപിച്ചു. സംസ്ഥാനത്തെ പാഠ്യപദ്ധതിയെക്കുറിച്ചുള്ള അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞങ്ങൾ വിദ്യാർഥികളായിരിക്കുമ്പോൾ, അക്ബർ മഹാനാണെന്ന് ഞങ്ങൾ വായിച്ചിരുന്നു, എന്നാൽ അദ്ദേഹം 'മീനാ ബസാർ' നടത്തി, പെൺകുട്ടികളെയും സ്‌ത്രീകളെയും തെരഞ്ഞെടുത്ത് ബലാത്സംഗം ചെയ്‌തു. അക്ബർ ഒരു അധിനിവേശക്കാരനാണ്, നമ്മുടെ രാജ്യത്തെ ജനങ്ങളുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ഒരു ബലാത്സംഗം ചെയ്യുന്നയാൾ എങ്ങനെ മഹാനാകും? അയാള്‍ ഒരു ബലാത്സംഗിയായിരുന്നു, ഇന്ത്യയിൽ അയാളുടെ പേര് ഉയരുന്നത് പാപമാണെ'ന്നും വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ പറഞ്ഞു. അക്ബർ മഹാനല്ലെന്നും സ്‌കൂൾ പാഠപുസ്‌തകങ്ങളിൽ നിന്ന് അക്‌ബറിനെ മഹത്തായ വ്യക്തിത്വമെന്ന് വിശേഷിപ്പിക്കുന്ന പരാമർശങ്ങളെല്ലാം നീക്കം ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
രാജസ്ഥാനിലെ സ്‌കൂളുകളിൽ സൂര്യ നമസ്‌കാരം ഘട്ടം ഘട്ടമായി നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാ സ്‌കൂളുകളിലും സൂര്യ നമസ്‌കാരം സ്ഥിരമായി നടപ്പിലാവുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പരീക്ഷകൾ നടക്കുന്നുണ്ടെന്നും അധ്യാപകരെ സ്ഥലംമാറ്റുന്നത് ഉചിതമല്ലെന്നും അധ്യാപകരുടെ സ്ഥലംമാറ്റത്തെക്കുറിച്ച് ദിലാവർ പറഞ്ഞു. പരീക്ഷകൾ കഴിഞ്ഞാൽ ട്രാൻസ്‌ഫർ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.