ജയ്‌പൂർ : രാജസ്ഥാനിലെ ജയ്‌പൂർ ഇന്‍റര്‍നാഷണൽ എയർപോർട്ടിന് വീണ്ടും ബോംബ് ഭീഷണി. വ്യാഴാഴ്‌ച രാത്രി ജയ്‌പൂർ ഇന്‍റര്‍നാഷണൽ എയർപോർട്ടിന്‍റെ ഔദ്യോഗിക മെയിലിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് വിമാനത്താവളത്തിൽ നടത്തിയ തെരച്ചിലിൽ സ്‌ഫോടക വസ്‌തുക്കളൊന്നും കണ്ടെത്താനാകാത്തതിനാൽ ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു (Jaipur Airport Receives Hoax Threat Mail).
ഔദ്യോഗിക മെയിലിൽ അയച്ച ഭീഷണി സന്ദേശത്തെക്കുറിച്ച് സിഐഎസ്എഫിന് വിവരം ലഭിച്ചതായും അതനുസരിച്ച് മുന്നറിയിപ്പ് നൽകിയതായും ഈസ്റ്റ് ഡിസിപി ഗ്യാൻചന്ദ് യാദവ് അറിയിച്ചു. വിവരം ലഭിച്ചയുടൻ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. ജയ്‌പൂർ വിമാനത്താവളത്തിൽ സുരക്ഷാ ഏജൻസികൾ തീവ്രമായ പരിശോധന നടത്തി. കനത്ത പൊലീസ് വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്‌ഫോടക വസ്‌തു കണ്ടെത്താൻ ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ക്യുആർടി എന്നിവയും സജ്ജരാണെന്ന് യാദവ് പറഞ്ഞു. എന്നാൽ, വിമാനത്താവളത്തിൽ തീവ്രമായ തെരച്ചിലിനും കോമ്പിംഗ് ഓപ്പറേഷനും ശേഷം നടത്തിയ അന്വേഷണത്തിൽ ഒരിടത്തും ബോംബോ സംശയാസ്‌പദമായ വസ്‌തുക്കളോ കണ്ടെത്താനായില്ലെന്നും യാദവ് അറിയിച്ചു.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ജയ്‌പൂർ വിമാനത്താവളത്തിന് നേരെ ഉയര്‍ന്ന രണ്ടാമത്തെ ബോംബ് ഭീഷണിയാണിത്. നേരത്തെ ഡിസംബർ 27 നും വിമാനത്താവളത്തിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് എയർപോർട്ട് അഡ്‌മിനിസ്ട്രേഷൻ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ വിവരം നൽകി. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സൈബർ വിദഗ്‌ധരുടെ സഹായവും തേടുന്നുണ്ട്.