ന്യൂഡൽഹി: ഗുസ്‌തി താരങ്ങളായ വിനേഷ് ഫോഗട്ടിന്‍റെയും ബജ്‌രംഗ് പുനിയയുടെയും രാജി സ്വീകരിക്കാനുളള നടപടി വേഗത്തിലാക്കി നോർത്തേൺ റെയിൽവേ. ഗുസ്‌തി താരങ്ങള്‍ കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജി സ്വീകരിക്കാനുളള നടപടി റെയില്‍വേ ആരംഭിച്ചത്. ഇതോടെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ജുലാനയിൽ നിന്ന് കോൺഗ്രസ് സ്ഥാനാര്‍ഥിയായി ഫോഗട്ട് മത്സരിക്കുന്നതിലെ തടസങ്ങള്‍ മാറും.
കോൺഗ്രസ് പാർട്ടിയിൽ ചേര്‍ന്നതിന് പിന്നാലെ ഇരു താരങ്ങള്‍ക്കും റെയില്‍വേ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. മൂന്ന് മാസത്തെ നോട്ടിസ് പിരീഡ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്ന് ഫോഗട്ടിനെ അയോഗ്യയാക്കും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ മൂന്ന് മാസത്തെ നോട്ടിസ് പിരീഡ് ഒഴിവാക്കി രണ്ട് താരങ്ങളുടെയും രാജി സ്വീകരിക്കാനുളള നടപടിയാണ് റെയില്‍വേ സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വെളളിയാഴ്‌ച (സെപ്‌തംബര്‍ 5) ആണ് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് പാര്‍ട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിൻ്റെ സാന്നിധ്യത്തില്‍ ഗുസ്‌തി താരങ്ങള്‍ കോൺഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഫോഗട്ടിനെ ജുലാന മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഫോഗട്ടിന്‍റെ രാഷ്‌ട്രീയ പ്രവേശനം വരുന്ന ഹരിയാന തെരഞ്ഞെടുപ്പില്‍ വലിയ കോളിളക്കം സൃഷ്‌ടിക്കുമെന്നാണ് വിലയിരുത്തല്‍.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം ഹരിയാന തെരഞ്ഞെടുപ്പിനുള്ള 31 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ എംപിമാരാരും മത്സരിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. എഎപിയുമായുള്ള സഖ്യകാര്യത്തില്‍ നിലവില്‍ യാതൊരു പുരോഗതിയുമുണ്ടാക്കാന്‍ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.