ജയ്‌പുർ: ഭർത്താവിനെ ക്വട്ടേഷൻ നൽകി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ അഞ്ച് പ്രതികളെ അറസ്‌റ്റ് ചെയ്‌തു. രാജസ്ഥാനിലെ കോട്ട ജില്ലയിലാണ് സംഭവം. റെയിൽവേ ജീവനക്കാരനായ ശംഭുലാലിനെയാണ് ഭാര്യയും കാമുകനും ഭാര്യാസഹോദരനും ചേർന്ന് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയത്. കൊലപാതകത്തിനായി ക്വട്ടേഷൻ സംഘത്തിന് അഞ്ച് ലക്ഷം രൂപ നൽകിയതായും പൊലീസ് പറഞ്ഞു.
മെയ് 29 ന് രാത്രിയാണ് റെയിൽവേ കോളനിയിൽ താമസിക്കുന്ന ശംഭുലാലിനെ കൊലപ്പെടുത്തിയത്. കേസിൽ മുഖ്യസൂത്രധാരൻ ശംഭുലാലിൻ്റെ ഭാര്യ മഞ്ജുവും ഭാര്യാസഹോദരൻ മനീഷുമാണ്. ശംഭുലാലും ഭാര്യയുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടാവാറുണ്ടായിരുന്നു. ഇതേ തുടർന്ന് ശംഭുവിനെ കൊല്ലാനായി ഭാര്യ മാസങ്ങളായി ഗൂഢാലോചന നടത്തിയിരുന്നു. തുടർന്ന് ക്വട്ടേഷൻ നൽകുകയായിരുന്നു.
സംഭവ ദിവസം ഉച്ചയ്ക്ക് 2.30ഓടെയാണ് അക്രമികൾ വീട്ടിൽ കയറിയത്. കഴുത്തിൽ കുത്തി കൊലപ്പെടുത്തിയ ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തെ തുടർന്ന് മഞ്ജുവിനെ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.