ഹത്രാസ്: ഹത്രാസ് ദുരന്തത്തിൽ ഉൾപ്പെട്ടവര്‍ക്കുള്ള നഷ്‌ടപരിഹാര തുക വർധിപ്പിക്കാനാവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ അവസ്ഥ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അറിയിച്ചതായി രാഹുൽ പറഞ്ഞു. ദുരിതമനുഭവിക്കുന്നവർക്കുള്ള നഷ്‌ടപരിഹാരതുക വർധിപ്പിക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.
ജൂലായ് അഞ്ചിന് ഹത്രാസ് സന്ദർശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് കത്ത് എഴുതിയത്. സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ദുരന്തത്തിൽപ്പെട്ട കുടുംബങ്ങളുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു. 'ഹത്രാസ് തിക്കിലും തിരക്കിലും പെട്ട് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണുകയും അവരുടെ ദുഃഖം നരിട്ട് കണ്ട് അനുഭവിക്കുകയും അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കുകയും ചെയ്‌ത ശേഷം, ഞാൻ ബഹുമാനപ്പെട്ട ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജിയെ ഒരു കത്തിലൂടെ എല്ലാം അറിയിച്ചു.' -രാഹുല്‍ എക്‌സില്‍ പറഞ്ഞു.
നഷ്‌ട പരിഹാര തുക വർധിപ്പിച്ച് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് എത്രയും വേഗം നൽകണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. ഈ ദുഃഖസമയത്ത് അവർക്ക് കൂട്ടായ പിന്തുണയും ആവശ്യമാണെന്ന് രാഹുൽ ഗാന്ധി എക്‌സിൽ പറഞ്ഞു. ഹിന്ദിയിൽ എഴുതിയ കത്ത് അദ്ദേഹം തന്‍റെ എക്‌സില്‍ പങ്കുവെച്ചു.
ഉത്തർപ്രദേശിലെ ഹത്രാസിലെ ഫുലാരി ഗ്രാമത്തിൽ 'ഭോലെ ബാബ' എന്ന ആത്മീയ നേതാവിന്‍റെ സത്സംഗ പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ക്കാണ് ജീവൻ നഷ്‌ടമായത്. സംഭവത്തില്‍ മുഖ്യപ്രതി ദേവപ്രകാശ് മധുകറിനെ ശനിയാഴ്‌ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു.
ദുരന്തമുണ്ടായതിന് പിന്നാവെ ദേവപ്രകാശ് മധുകർ ഒളിവിൽ പോയിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ജൂലൈ 5 ന് രാജ്യതലസ്ഥാനത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റ് രണ്ട് പ്രതികളായ രാംപ്രകാശ് ഷാക്യ, സഞ്ജു യാദവ് എന്നിവരും അറസ്‌റ്റിലായതായി പൊലീസ് അറിയിച്ചു.