ന്യൂഡൽഹി: അഗ്‌നിപഥ് പദ്ധതിയെ ചൊല്ലി രാഹുല്‍ ഗാന്ധിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും തമ്മില്‍ പാര്‍ലമെന്‍റില്‍ വാക്‌പോര്. അഗ്നിപഥ് പദ്ധതിയെക്കുറിച്ച് രാഹുല്‍ ഗാന്ധി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു. വിഷയം സഭയിൽ ചർച്ച ചെയ്യാനും പ്രതിരോധ മന്ത്രി സന്നദ്ധത അറിയിച്ചു.
അഗ്നിപഥ് പദ്ധതി രാജ്യത്തെ സൈനികരെ പ്രശ്‌നത്തില്‍ കുടുക്കിയിരിക്കുകയാണ് എന്നാണ് രാഹുൽ ഗാന്ധി ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലെ പ്രസംഗത്തിൽ പറഞ്ഞത്. ബജറ്റിൽ അഗ്നിവീറുകള്‍ക്കുള്ള പെൻഷൻ വ്യവസ്ഥകൾ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ യുവജന വിരുദ്ധവും കർഷക വിരുദ്ധവുമാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് പിന്നാലെ രാജ്‌നാഥ് സിങ് ലോക്‌സഭയിൽ എഴുന്നേറ്റ് നിന്ന് മറുപടി നല്‍കി. ബജറ്റിനെക്കുറിച്ച് രാഹുൽ ഗാന്ധി നിരവധി തെറ്റിദ്ധാരണകൾ പ്രചരിപ്പിച്ചുവെന്നും ധനമന്ത്രി സീതാരാമൻ അടുത്ത പ്രസംഗത്തിൽ ഇത് വ്യക്തമാക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. രാഹുൽ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും സ്‌പീക്കർ അനുവദിക്കുമ്പോള്‍ ഇക്കാര്യത്തിൽ പ്രസ്‌താവന നടത്താമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
തുടര്‍ന്ന്, അഗ്നിപഥ് പദ്ധതിയില്‍ തന്‍റെ നിലപാട് ആവർത്തിച്ച രാഹുല്‍ ഗാന്ധി രാജ്‌നാഥ് സിങ്ങിന്‍റെ അവകാശവാദങ്ങളെ എതിർക്കുകയും ചെയ്‌തു. അതേസമയം, അഗ്നിപഥ് പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാന്‍ സർക്കാര്‍ സന്നദ്ധത അറിയിച്ചതായി സ്‌പീക്കർ ഓം ബിർള ചൂണ്ടിക്കാട്ടി. ജൂലൈ ഒന്നിന് ചേര്‍ന്ന ലോക്‌സഭ സമ്മേളനത്തിലും രാഹുൽ ഗാന്ധിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും തമ്മിൽ വിഷയത്തില്‍ വാക്കുതർക്കം ഉണ്ടായിരുന്നു.