ന്യൂഡൽഹി: വയനാട് സന്ദർശിക്കാന്‍ ആളുകളോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വയനാടിന്‍റെ സൗന്ദര്യം ആസ്വദിക്കാനും ടൂറിസം പുനരുജ്ജീവിപ്പിക്കാനും സഹായിക്കണമെന്നും രാഹുൽ ഗാന്ധി അഭ്യർഥിച്ചു. എക്‌സിലെ പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധി അഭ്യര്‍ഥന നടത്തിയത്.
അടുത്തിടെ വയനാട്ടില്‍ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തം മുണ്ടക്കൈ ചൂരല്‍മല പ്രദേശങ്ങളെ മാത്രമാണ് ബാധിച്ചത്. വയനാടിനെയാകെ ഉരുള്‍പൊട്ടല്‍ ബാധിച്ചു എന്ന തെറ്റിദ്ധാരണ ജനങ്ങളില്‍ ഉണ്ട്. അത് വിനോദസഞ്ചാര മേഖലയില്‍ വലിയ ഇടിവിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
വയനാടിൻ്റെ സൗന്ദര്യം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. പക്ഷേ അവിടുത്തെ ജനങ്ങളുടെ കാരുണ്യവും സഹാനുഭൂതിയുമാണ് എന്നെ എന്നും വയനാട്ടിലേക്ക് ആകർഷിച്ചിട്ടുളളത്. ടൂറിസത്തെ ഉപജീവനത്തിനായി ആശ്രയിക്കുന്ന നിരവധി ആളുകൾ വയനാട്ടിലുണ്ട്. അവര്‍ ഇപ്പോള്‍ നിങ്ങളുടെ എല്ലാവരുടെയും സഹായം തേടുന്നു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഞാൻ നിങ്ങൾക്ക് ഉറപ്പുതരാം വയനാട് ഇപ്പോഴും ചടുലവും സ്വാഗതാർഹവുമാണ്. അതിൻ്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കാനും ഉപജീവനമാർഗം പുനർനിർമ്മിക്കാനും സഹായിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു എന്നും മുൻ കോൺഗ്രസ് മേധാവി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.