ഗാന്ധിനഗര്‍ : ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുജറാത്തില്‍ പര്യടനം നടത്തുന്നു. ഇന്ന് (മാര്‍ച്ച് 7) രാവിലെ 10 മണിയോടെ ഗുജറാത്തിലെത്തിയ യാത്ര 4 ദിവസമാണ് പ്രയാണം നടത്തുക. വൈകിട്ട് മൂന്ന് മണിക്ക് ദഹോദിലെ ജലോദിൽ എത്തുന്ന രാഹുല്‍ ഗാന്ധി ജനത്തെ അഭിസംബോധന ചെയ്‌ത ശേഷം ഇന്ന് രാത്രി ജലോദില്‍ തങ്ങും. 4 ദിവസം കൊണ്ട് 400 ലധികം കിലോമീറ്റര്‍ രാഹുല്‍ ഗാന്ധിയും സംഘവും താണ്ടും. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആദിവാസി വിഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി സംവദിക്കും.
മാര്‍ച്ച് എട്ടിന് രാവിലെ 8ന് ദഹോദ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിക്കുന്ന ജോഡോ യാത്ര ബിര്‍സ മുണ്ട ചൗക്, ലിംഖേഡ എന്നിവിടങ്ങളിലൂടെ കടന്നുപോകും. തുടര്‍ന്ന് 11 മണിക്ക് ഗോധ്രയിലെത്തുന്ന രാഹുല്‍ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്‌ത ശേഷം വീണ്ടും പദയാത്ര ആരംഭിക്കും.
ഉച്ചയ്‌ക്ക് 2 മണിക്ക് പഞ്ച്‌മഹലിലെ കലോലിലെത്തും. അവിടെയൊരുക്കിയിട്ടുള്ള വേദിയില്‍ രാഹുല്‍ ഗാന്ധി സംസാരിക്കും. ഇതിന് പിന്നാലെ പവഗഡ്, ശിവരാജ്‌പൂർ, ജംബുഗോഡ, പഞ്ച്മഹൽ എന്നിവിടങ്ങളിലും യാത്രയ്ക്ക് സ്വീകരണം നൽകും. ഇതിന് പിന്നാലെ ജംബുഗോഡയില്‍ പദയാത്ര സമാപിക്കും. യാത്ര സമാപിക്കുന്ന ജംബുഗോഡയില്‍ രാഹുല്‍ ഗാന്ധി രാത്രി തങ്ങും.
മാര്‍ച്ച് 9ന് ഛോട്ടാപൂരിലേക്കായിരിക്കും രാഹുല്‍ ഗാന്ധിയുടെ പദയാത്ര. അലിപുര ബോഡേലി സര്‍ക്കിളില്‍ നിന്നാണ് ഛോട്ടാപൂരിലേക്കുള്ള യാത്രയ്‌ക്ക് തുടക്കമാവുക. ഉച്ചയോടെ ചൗക്‌ഡിയിലെത്തുമ്പോള്‍ രാഹുല്‍ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് ഉച്ച ഭക്ഷണത്തിന് ശേഷം സൂറത്തിലെ മംഗ്രോളിയിലേക്ക് തിരിക്കും. ചാര്‍ റസ്‌തയ്‌ക്ക് സമീപം സമാപിക്കുന്ന യാത്ര തൊട്ടടുത്ത ദിവസം വീണ്ടും ആരംഭിക്കും.
ഗുജറാത്ത് പര്യടനത്തിലെ അവസാന ദിവസമായ മാര്‍ച്ച് 10ന് രാവിലെ 8 മണിക്കാണ് ജോഡോ യാത്ര പുറപ്പെടുക. രാവിലെ 10 മണിക്ക് മാണ്ഡവിയില്‍ നിന്നാകും യാത്രയ്‌ക്ക് തുടക്കമാവുക. ബര്‍ദോളി, അമര്‍ ജവാന്‍ ചൗക്ക് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന യാത്രയ്‌ക്ക് സര്‍ദാര്‍ ചൗക്കില്‍ വന്‍ സ്വീകരണമാണ് ലഭിക്കുക. ബര്‍ദോളിയിലും സോംഗാദിലും രാഹുല്‍ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്യും.
ഇന്ത്യാസഖ്യത്തിലെ കക്ഷിയായ എഎപി മത്സരത്തിനിറങ്ങുന്ന ഗുജറാത്തിലെ ബറൂച്ചിലൂടെയും ജോഡോ യാത്ര കടന്നുപോകും. ആം ആദ്‌മി സംസ്ഥാന നേതൃത്വവും ജോഡോ യാത്രയെ അനുഗമിക്കും. പര്യടനം പൂര്‍ത്തിയാക്കി 3.30ഓടെ രാഹുല്‍ ഗാന്ധി മഹാരാഷ്‌ട്രയിലെ നന്ദുര്‍ബാറിലെ വിസര്‍വാഡിയില്‍ പ്രവേശിക്കും.