സൂറത്ത് : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അവസാന ഘട്ടത്തിൽ. ഇന്ന് സൂറത്തിൽ എത്തുന്ന യാത്ര ബർദോലി, താപി വഴി മഹാരാഷ്ട്രയിലെ നന്ദുർബാറിൽ പ്രവേശിക്കും. ഇന്നലെയാണ് ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ ന്യായ് യാത്ര പ്രവേശിച്ചത്. മംഗ്രോൾ ഝങ്കവാവിലാണ് യാത്രയ്ക്ക് സ്വീകരണം ഒരുക്കിയത്. ആയിരക്കണിക്കിന് ജനങ്ങളാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമാകാനെത്തിയത്.
നാലാം ദിവസമായ ഇന്ന് യാത്ര മാണ്ഡവിയിലെത്തും. അവിടെ നിന്ന് ബർദോളിയിലെ ചരിത്രപ്രസിദ്ധമായ സ്വരാജ് ആശ്രമം സന്ദർശിക്കും. ബർദോളിയിലെ അമർ ജവാൻ ചൗക്കിലും യാത്രയ്ക്ക് സ്വീകരണം ഏർപ്പെടുത്തുകയും രാഹുല്‍ ഗാന്ധി പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ഇവിടെ നിന്നും യാത്ര വൈരയിലേക്ക് തിരിക്കും. സോംഗാധിലും രാഹുൽ ഗാന്ധിക്ക് സ്വീകരണം നൽകുന്നുണ്ട്. തുടർന്ന് 3.30ന് മഹാരാഷ്ട്രയിലെ നന്ദുർബാറിലെ വിസർവാഡിയിൽ വച്ച് നടക്കുന്ന പതാക കൈമാറ്റ ചടങ്ങിലും രാഹുൽ ഗാന്ധി പങ്കെടുക്കും.
യാത്രയുടെ മൂന്നാം ദിവസമായ ഇന്നലെ നർമ്മദ ജില്ലയിലെ 70 സാമൂഹിക സംഘടനകളുമായാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച നടത്തിയത്. ജില്ലയിലെ കുൻവാർപാറയിൽ വച്ചായിരുന്നു യോഗം ചേർന്നത്. യോഗത്തിൽ കർഷകരും ആദിവാസികളും ഉൾപ്പെടെ ദലിത് ആക്‌ടിവിസ്റ്റുകളും പങ്കെടുത്തിരുന്നു. ബറൂച്ചിയിൽ വച്ച് നടന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധിയോടൊപ്പം ആംആദ്‌മി പാർട്ടി എംഎൽഎ വാസ്‌തവയും പങ്കെടുത്തു.
മണിപ്പൂരിൽ നിന്നാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചത്. രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക നീതി ഒറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യാത്രയുടെ ആരംഭം.