വയനാട് : രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ വര്‍ഷത്തെ മൊത്ത വരുമാനം 1,02,78,680 രൂപയാണെന്ന് സത്യവാങ് മൂലം. 2022-23 സാമ്പത്തിക വർഷത്തിലെ വരുമാനമാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. വയനാട് ജില്ല തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്‌ടറുമായ രേണു രാജിന് സമര്‍പ്പിച്ച നാമ നിര്‍ദേശ പട്ടികയോടൊപ്പം നല്‍കിയ സത്യവാങ് മൂലത്തിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
2021-22 കാലയളവില്‍ ഇത് 1,31,04,970 രൂപയായിരുന്നു. 55,000 രൂപയാണ് രാഹുല്‍ ഗാന്ധിയുടെ കൈവശമുള്ളത്. ബാങ്ക് അക്കൗണ്ടുകളിലും മറ്റ് നിക്ഷേപങ്ങളിലുമായി 26,25,157 രൂപയുണ്ട്. യങ്ങ് ഇന്ത്യന്‍റെ 190000 രൂപയുടെ ഇക്വിറ്റി ഷെയറും രാഹുലിന്‍റെ പക്കലുണ്ട്. 25 കമ്പനികളുടേതായി 4,33,60,519 രൂപയുടെ ഷെയറും രാഹുല്‍ ഗാന്ധിക്കുണ്ട്.
3,81,33,572 രൂപ മൂല്യമുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും 15,21,740 രൂപയുടെ സ്വർണ്ണ ബോണ്ടുകളും അദ്ദേഹത്തിന്‍റെ പേരിലുണ്ട്. 6152426 രൂപയുടെ മറ്റൊരു പോസ്‌റ്റ് ഓഫീസ് നിക്ഷേപവും രാഹുല്‍ ഗാന്ധിയുടെ പിപിഎഫ് അക്കൗണ്ടിലുണ്ട്. രാഹുല്‍ ഗാന്ധിയുടെ കൈവശം 4,20,850 രൂപ വിലയുള്ള സ്വർണമുണ്ട്. ആകെ മൊത്തം 9,24,59264 രൂപയുടെ മൂല്യമാണ് രാഹുല്‍ ഗാന്ധിക്കുള്ളത്.
സുൽത്താൻപൂരിൽ പ്രിയങ്കാ ഗാന്ധിയുടെ കൂടെ പങ്കാളിത്തത്തില്‍ കൃഷിഭൂമി ഉണ്ട്. ഇതിന്‍റെ ഏകദേശ വിപണി മൂല്യം 2,10,13,598 രൂപയാണ്. ഗുരുഗ്രാമിൽ 5838 ചതുരശ്ര അടിയുള്ള വാണിജ്യ കെട്ടിടവും (ഓഫീസ് സ്‌പേസ്) ഉണ്ട്. ഇതിന്‍റെ നിലവിലെ വിപണി മൂല്യം 9,04,89,000 രൂപയാണ്. ഇവയുടെ മൊത്തം മൂല്യം 111502598 രൂപ വരും. 49,79,184 രൂപയാണ് രാഹുല്‍ ഗാന്ധിയുടെ മൊത്തം ബാധ്യത.
രാഹുൽ ഗാന്ധിക്കെതിരെ 18 ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. ഇതിൽ 15 എണ്ണം മാനനഷ്‌ട കേസുകളാണ്. കര്‍ണാടക, മഹാരാഷ്ട്ര, ഛാര്‍ഖണ്ഡ്, അസം, ഡെല്‍ഹി, ഗുജറാത്ത്, ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങി എട്ട് സംസ്ഥാനങ്ങളിലാണ് കേസുള്ളത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ വ്യക്തി വിവരം വെളിപ്പെടുത്തൽ, ഭാരത് ജോഡോ യാത്രയിൽ ഉപയോഗിച്ച ഗാനത്തിന്‍റെ പകർപ്പവകാശ ലംഘനം, യങ്ങ് ഇന്ത്യ കേസിൽ സുബ്രഹ്മണ്യൻ സ്വാമിയുടെ സ്വകാര്യ പരാതി എന്നിവയും നിലവിലുള്ള കേസുകളിൽ ഉൾപ്പെടുന്നു.
ഐപിസി 499, 500 വകുപ്പുകൾ പ്രകാരം സൂറത്ത് സിജെഎം കോടതി അദ്ദേഹത്തെ ശിക്ഷിച്ചിരുന്നു. 2 വർഷത്തെ ശിക്ഷയാണ് വിധിച്ചിരുന്നത്. ശിക്ഷയ്‌ക്കെതിരെ പ്രിൻസിപ്പൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്‌ജി മുമ്പാകെ ക്രിമിനൽ അപ്പീൽ ഫയൽ ചെയ്‌തിട്ടുണ്ട്. നിലവില്‍ ശിക്ഷാ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരിക്കുകയാണെന്നും സത്യവാങ്മൂലത്തിലുണ്ട്.
1989 ലാണ് രാഹുല്‍ ഗാന്ധി പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഫ്‌ലോറിഡയിലെ റോളിന്‍സ് കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയിലെ ട്രിനിറ്റി കോളേജില്‍ നിന്ന് എംഫിലും കരസ്ഥമാക്കിയിട്ടുണ്ട്.