പട്‌ന: ആര്‍എസ്‌എസിന്‍റെയും ബിജെപിയുടെയും ആശയങ്ങള്‍ രാജ്യത്ത് അക്രമവും വിദ്വേഷവും പടര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കാരണം സമൂഹത്തില്‍ വിവിധ ജാതി മതവിഭാഗങ്ങള്‍ തമ്മില്‍ പരസ്‌പരം പോരടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ കിഷന്‍ഗഞ്ചിലെ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുയായിരുന്നു കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി.
കഴിഞ്ഞ പത്ത് വര്‍ഷമായി തുടരുന്ന നരേന്ദ്ര മോദിയുടെ ഭരണം സമൂഹത്തിലെ ഒബിസിക്കാരെയും ദലിതരെയും അവഗണിക്കുന്നു. സഹോദരങ്ങള്‍ തമ്മില്‍ പോരാടുന്ന സാഹചര്യമാണ് സമൂഹത്തിലുള്ളത്. ഇതാണ് ആര്‍എസ്‌സും ബിജെപിയും രാജ്യത്ത് സൃഷ്‌ടിച്ച അന്തരീക്ഷമെന്നും എന്നാല്‍ തങ്ങള്‍ ജനങ്ങളെ ഒന്നിപ്പിക്കാനായാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വിദ്വേഷത്തിന്‍റെ ഭൂമിയില്‍ സ്‌നേഹത്തിന്‍റെ കട തുറക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി പുതിയ കാഴ്‌ചപ്പാടും പ്രതൃയ ശാസ്‌ത്രവുമാണ് രാജ്യത്തിന് സമ്മാനിച്ചത്. ഈ യാത്രയുടെ ഉദ്ദേശം എന്താണെന്ന് നിരവധി പേര്‍ തന്നോട് ചോദിക്കുന്നുണ്ട്. ആര്‍എസ്‌എസിന്‍റെയും ബിജെപിയുടെ ആശയങ്ങള്‍ രാജ്യത്ത് വിദ്വേഷം പടര്‍ത്തുകയാണെന്നും ഇത് ഇല്ലാതാക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ഈ യാത്ര നടത്തുന്നതെന്നുമാണ് അവര്‍ക്ക് മറുപടി നല്‍കിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വെറുപ്പ് മാത്രമാണിപ്പോള്‍ രാഷ്‌ട്രീയത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്. കോണ്‍ഗ്രസ് നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ത്യയുടെ സമകാലിക രാഷ്‌ട്രീയത്തില്‍ വളരെ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുകയെന്നതാണ് ഈ യാത്രയുടെ സുപ്രധാന ലക്ഷ്യം. സമൂഹത്തില്‍ നിര്‍ധനരായവര്‍ക്ക് കൈതാങ്ങാനുള്ള നടപടികള്‍ തുടരുന്നുണ്ട്. കര്‍ഷകര്‍ക്ക് നീതി ഉറപ്പാക്കും. സ്‌ത്രീകള്‍ക്ക് നീതിയും സുരക്ഷിതത്വവും ലഭ്യമാക്കുകയും യുവാക്കള്‍ നേരിടുന്ന തൊഴിലില്ലായ്‌മ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജെഡിയു വിട്ട് വീണ്ടും ബിജെപിയിലേക്ക് ചുവടുവച്ചതിന് പിന്നാലെ ഇന്നാണ് (ജനുവരി 29) രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറില്‍ എത്തിയത്. ഇന്ന് (ജനുവരി 29) വൈകുന്നേരം കിഷന്‍ഗഞ്ചില്‍ പ്രവേശിച്ച യാത്ര അരാരി ജില്ലയിലെത്തി. നാളെ (ജനുവരി 30) വീണ്ടും പുനരാരംഭിക്കുന്ന യാത്ര പൂര്‍ണിയ ജില്ലയിലേക്ക് പ്രവേശിക്കും. നാളെ ഉച്ചക്ക് 2 മണിയോടെ പൂര്‍ണിയയിലെ രംഗ്‌ഭൂമി ഗ്രൗണ്ടില്‍ രാഹുല്‍ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്യും.