ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പഞ്ചാബ് സ്വദേശിനിയായ പെൺകുട്ടിയെ അഞ്ചംഗ സംഘം ചേർന്ന് ബലാത്സംഗം ചെയ്‌തു. അന്തർ സംസ്ഥാന ബസ് ടെർമിനലിൽ പാർക്ക് ചെയ്‌തിരുന്ന ബസിൽ വെച്ചാണ് അതിദാരുണ സംഭവം നടന്നത്. രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു വരികയാണ്.
ഓഗസ്റ്റ് 13നാണ് കേസിനാസ്‌പദമായ സംഭവം. കോട്വാലി പട്ടേൽ നഗർ പൊലീസ് പോസ്റ്റിന് സമീപമുള്ള ഐഎസ്ബിടിയിൽ അവശനിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ കൗൺസിലിങിലാണ് പെൺകുട്ടി പീഡനവിവരം പുറത്ത് പറയുന്നത്. തുടര്‍ന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊലീസ് നൽകുന്ന വിവരമനുസരിച്ച് സഹോദരിക്കൊപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. സഹോദരിയും സഹോദരീഭർത്താവും ചേർന്ന് വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനെ തുടർന്ന് ഡെറാഡൂണിലേക്ക് എത്തിയതായിരുന്നു പെൺകുട്ടി. അന്തർ സംസ്ഥാന ബസ് ടെർമിനലിൽ ഓഗസ്റ്റ് 13ന് രാത്രി 2.30ന് എത്തിയ പെൺകുട്ടിയെ അഞ്ച് പേർ ചേർന്ന് ബസിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
ബസിന്‍റെ നിറം ചുവപ്പാണെന്ന് പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. അതനുസരിച്ച് ബസ് ഉത്തർപ്രദേശ് ട്രാൻപോർട് കോർപറേഷന്‍റേത് ആകാനാണ് സാധ്യത. പ്രതികൾക്കെതിരെ കേസെടുത്തതായും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അടക്കം അന്വേഷണം ഊർജിതമാക്കിയതായും എസ്‌എസ്‌പി അജയ് സിങ് പറഞ്ഞു. കൊൽക്കത്തയിൽ വനിത ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് അടുത്ത സംഭവം.