ചണ്ഡീഗഡ്: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ നടന്ന ഭീകരാക്രമണം ബിജെപിയുടെ തെരഞ്ഞെടുപ്പിന് മുമ്പുള്ള സ്‌റ്റണ്ടാണെന്ന് കോൺഗ്രസ് നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ ചരൺജിത് സിങ്ങ് ചന്നി. ഇതെല്ലാം സ്‌റ്റണ്ടുകളാണ്, തീവ്രവാദ ആക്രമണങ്ങളല്ല, അതിൽ ഒരു സത്യവുമില്ല. ജനങ്ങളുടെ ജീവൻ കൊണ്ടാണ് ബിജെപി കളിക്കുന്നതെന്ന് ജലന്ധറിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചന്നി പറഞ്ഞു.
ഈ ആക്രമണങ്ങൾ യഥാർത്ഥത്തിൽ നടക്കുന്നതല്ലെന്നും മറിച്ച് ഭാരതീയ ജനതാ പാർട്ടിക്ക് നേട്ടമുണ്ടാക്കാൻ വേണ്ടിയുള്ളതാണെന്നും ചരൺജിത് സിങ്ങ് ചന്നി പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുമ്പോഴെല്ലാം, ഇത്തരം സ്‌റ്റണ്ടുകൾ നടക്കുന്നു. 2019 ലെ പുൽവാമ ആക്രമണത്തിൽ 40 സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവത്തിലേക്ക് അദ്ദേഹം വിരൽ ചൂണ്ടി.
മെയ് 25 ന് നടക്കുന്ന അനന്ത്‌നാഗ്-രജൗരി ലോക്‌സഭ മണ്ഡലത്തിലെ വോട്ടെടുപ്പിന് ആഴ്‌ചകൾ ശേഷിക്കവെയാണ് പൂഞ്ച് ആക്രമണം നടന്നത്. പൂഞ്ചിലെ സുരൻകോട്ട് തെഹ്‌സിലിലെ ബക്രബാൽ മേഖലയിലാണ് സംഭവം. ഐഎഎഫ് വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യൻ വ്യോമസേനയിലെ കോർപ്പറൽ വിക്കി പഹാഡെ കൊല്ലപ്പെടുകയും മറ്റ് നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തു.