പൂനെ (മഹാരാഷ്‌ട്ര) : പോര്‍ഷെ കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ മുത്തച്ഛനെ ചോദ്യം ചെയ്‌തു. അധോലോക കുറ്റവാളി ഛോട്ടാ രാജനുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രതിയുടെ പിതാവിനൊപ്പം ചോദ്യം ചെയ്യലിനായി മുത്തച്ഛനെയും വിളിച്ചുവരുത്തിയതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കുറ്റാരോപിതനായ 17കാരന്‍റെ ഡ്രൈവറെയും സുഹൃത്തിനെയും ചോദ്യം ചെയ്‌തിരുന്നു. സുഹൃത്തുക്കളുമൊത്ത് മദ്യപിച്ച ശേഷം ബാറിൽ നിന്ന് പുറത്തിറങ്ങി വാഹനം താന്‍ ഓടിക്കാം എന്ന് 17കാരന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അത് ഡ്രൈവര്‍ സമ്മതിക്കാതെ വന്നതോടെ പിതാവിനെ വിളിച്ച് അനുവാദം തേടി.
പിതാവിന്‍റെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോൾ വിശദാംശങ്ങൾ പരിശോധിച്ച് വരികയാണ്. വ്യാഴാഴ്‌ചത്തെ ചോദ്യം ചെയ്യലിന് ശേഷം മുത്തച്ഛനോട് ക്രൈംബ്രാഞ്ചിന് മുമ്പാകെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു.
പ്രതിയുടെ പിതാവ്, ബാർ ഉടമകൾ, നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള മാനേജർ എന്നിവർ കസ്റ്റഡി കാലാവധി തീരുംമുമ്പ് ചോദ്യം ചെയലിന് വിധേയമായി. ഇവരെ കോടതിയിൽ ഹാജരാക്കും. പ്രതികളുടെ കസ്റ്റഡി നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
മദ്യലഹരിയില്‍ 17കാരന്‍ ഓടിച്ച കാര്‍ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് ഐടി പ്രൊഫഷണലുകളെ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. പൂനെയിലെ കല്യാണനഗറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മധ്യപ്രദേശിൽ നിന്നുള്ള ഐടി പ്രൊഫഷണലുകളായ അശ്വിനി കോഷ്‌ടയും അനീഷ് അവാധിയയുമാണ് മരണപ്പെട്ടത്.
Also Read: പൂനെ പോര്‍ഷെ കാര്‍ അപകടം: പ്രതിയുടെ കുടുംബത്തിന് അധോലോക കുറ്റവാളി ഛോട്ടാ രാജനുമായി ബന്ധം