പൂനെ : ഭൂമിതര്‍ക്കത്തില്‍ കര്‍ഷകനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ വിവാദ ഐഎഎസ് പ്രൊബേഷനറി ഉദ്യോഗസ്ഥ പൂജ ഖേദ്‌കറുടെ പിതാവ് ദിലീപ് ഖേദ്‌കറിന് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം. ജൂലൈ 25 വരെ ദിലീപ് ഖേദ്‌കറെ അറസ്റ്റ് ചെയ്യരുതെന്ന് പൂനെ സെഷൻസ് കോടതി വിധിച്ചു.
വെള്ളിയാഴ്‌ചയാണ് ദിലീപ് ഖേദ്‌കര്‍ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഭൂമി തർക്കത്തിന്‍റെ പേരിൽ പ്രദേശവാസിയായ കർഷകനെ ദിലീപ് ഖേദ്‌കറിന്‍റെ ഭാര്യ മനോരമ ഖേദ്‌കര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ദിലീപ് ഖേദ്‌കര്‍ കൂട്ടുപ്രതിയാണ്. കേസിൽ അറസ്റ്റിലായ മനോരമയെ ജൂലൈ 20 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
അതിനിടെ, 2.77 ലക്ഷം രൂപ നികുതി കുടിശ്ശിക വരുത്തിയെന്നാരോപിച്ച് മനോരമ ഖേദ്‌കറുമായി ബന്ധമുള്ള പൂനെയിലെ തെർമോവെറിറ്റ എന്ന കമ്പനി പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ (പിസിഎംസി) സീൽ ചെയ്‌തു. തെർമോവെറിറ്റ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ 2022-2023, 2023-2024 വർഷങ്ങളിലെ പ്രോപ്പർട്ടി ടാക്‌സ് കഴിഞ്ഞ രണ്ട് വർഷമായി കെട്ടിക്കിടക്കുകയാണെന്നും ഈ വർഷത്തെ കുടിശ്ശിക അടച്ചിട്ടില്ലെന്നും പിസിഎംസി കമ്മിഷണർ ശേഖർ സിങ് വ്യക്തമാക്കി.
2023-ൽ കുടിശ്ശിക അടയ്‌ക്കാത്തതിനാൽ ആദ്യം നോട്ടിസ് നൽകുകയും തുടർന്ന് ഗ്രേഡഡ് നടപടിയെന്ന നിലയിൽ ജലവിതരണം വിച്ഛേദിക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി തുക കുടിശ്ശികയായതിനാൽ അടുത്ത ഘട്ടം എന്ന നിലിയല്‍ പ്രോപ്പർട്ടി സീൽ ചെയ്യുകയായിരുന്നു എന്നും ശേഖര്‍ സിങ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി കുടിശ്ശികയുള്ള തുക 1.96 ലക്ഷം രൂപയാണെന്നും ഈ വർഷത്തെ കുടിശ്ശിക ഉൾപ്പെടെ ഇത് 2.77 ലക്ഷം രൂപയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച കേസില്‍ പൂജ ഖേദ്‌കറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തതായി യുപിഎസ്‌സി വെള്ളിയാഴ്‌ച അറിയിച്ചു. പൂജ ഖേദ്‌കറിന്‍റെ ഐഎഎസ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് യുപിഎസ്‌സി. ഭാവിയിലെ പരീക്ഷകളിൽ നിന്നും പൂജയെ ഡീബാർ ചെയ്യും.
2022 ഐഎഎസ് ബാച്ച് മഹാരാഷ്‌ട്ര കേഡറില്‍ നിന്നുള്ള ഐഎഎസ് പ്രൊബേഷനറി ഓഫിസറാണ് പൂജ ഖേദ്‌കര്‍. യുപിഎസ്‌സി പരീക്ഷ വിജയിച്ച ശേഷം സംവരണാനുകൂല്യത്തിനായി വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റും നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചത്.