പുതുച്ചേരി: പുതുച്ചേരിയില്‍ ഫെന്‍ജൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴ ബാധിച്ച എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 5,000 രൂപ വീതം ദുരിതാശ്വാസ സഹായം നൽകുമെന്ന് മുഖ്യമന്ത്രി എൻ രംഗസ്വാമി. കൃഷി നശിച്ച കർഷകർക്ക് ഹെക്‌ടറിന് 30,000 രൂപ നഷ്‌ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കനത്ത മഴയില്‍ പുതുച്ചേരിയില്‍ 10,000 ഹെക്‌ടർ വിളകളാണ് നശിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഫെന്‍ജല്‍ ചുഴലിക്കാറ്റ് മൂലം പുതുച്ചേരിയിൽ 48% മഴയാണ് ലഭിച്ചത്. ഇത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു എന്നും രംഗസ്വാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെള്ളപ്പൊക്കത്തിൽ അന്‍പതോളം ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അവർക്ക് 10,000 രൂപയുടെ ദുരിതാശ്വാസ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന്‍റെ ഫലമായി വടക്കൻ തമിഴ്‌നാടിന്‍റെയും പുതുച്ചേരിയുടെയും തീരപ്രദേശങ്ങളിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. പുതുച്ചേരിയിലെ ശങ്കരപരണി നദിയെ മഴ സാരമായി ബാധിച്ചു. എൻആർ നഗറിലെ 200 ഓളം വീടുകളിൽ വെള്ളം കയറി.
ഇന്ത്യൻ സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങള്‍ തുടരുകയാണ്.