മാഹി: പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമി 2024-25 വര്‍ഷത്തെ ബജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചു. 12,700 കോടി രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്. ഒരു സ്വതന്ത്ര എംഎല്‍എയുടെയും മൂന്ന് ബിജെപി അംഗങ്ങളുടെയും ഇറങ്ങിപ്പോക്കിന് പിന്നാലെയായിരുന്നു ബജറ്റ് അവതരണം.
റേഷന്‍ കടകള്‍ വീണ്ടും തുറക്കും: കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നേരിട്ടുള്ള ഗുണഭോക്തൃ കൈമാറ്റ പദ്ധതി അവതരിപ്പിച്ചതോടെ അടച്ച് പൂട്ടേണ്ടി വന്ന റേഷന്‍ കടകള്‍ ഇക്കൊല്ലം മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സൗജന്യ അരിയും കുറഞ്ഞ വിലയില്‍ മറ്റ് വസ്‌തുക്കളും റേഷന്‍ കടകള്‍ വഴി ലഭ്യമാക്കും.
സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ആയിരം രൂപ: സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്ന് കോളജുകളില്‍ ചേരുന്ന കുട്ടികള്‍ക്ക് പ്രതിമാസം ആയിരം രൂപ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍ പിടിത്ത നിരോധനസമയത്ത് നല്‍കിവരുന്ന 6500യുടെ സഹായം 8000 ആക്കി വര്‍ദ്ധിപ്പിക്കും. 25000 രൂപ സബ്‌സിഡിയോടെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലെ സ്‌ത്രീകളുടെ നൈപുണ്യ വികസന പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു.
ആറു മുതല്‍ പന്ത്രണ്ട് വരെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിച്ച ശേഷം കോളജുകളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കും. സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി.
മുധല്‍വരിന്‍ പുധുമൈ പെണ്‍:ആദി ദ്രാവിഡ സമുദായത്തിലെ ജോലിയുള്ള സ്‌ത്രീകള്‍ക്കും കോളജ് വിദ്യാര്‍ഥിനികള്‍ക്കും ഇ സ്‌കൂട്ടര്‍ വാങ്ങാനായി 75ശതമാനം സബ്‌സിഡി അനുവദിക്കും. 'മുധല്‍വരിന്‍ പുധുമൈ പെണ്‍' എന്ന പദ്ധതിയിലൂടെയാണ് ഇത് നടപ്പാക്കുകയെന്നും അദ്ദേഹം അറിയിച്ചു.
കടലേറ്റം തടയാന്‍ തീര ഗ്രാമങ്ങളില്‍ അടിയന്തര തടയണ സംവിധാനങ്ങള്‍ നിര്‍മ്മിക്കും. 22 കോടി ചെലവിട്ടാകും നിര്‍മ്മാണം. സെല്ലിപേട്ട് മേഖലയില്‍ തകര്‍ന്ന തടയണകള്‍ 20 കോടി രൂപ ചെലവില്‍ പുനര്‍നിര്‍മ്മിക്കും. മാര്‍ച്ചില്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു.
എൻഡിഎ മുഖ്യമന്ത്രിക്കെതിരെ ബിജെപി എംഎൽഎ മാരുടെ പ്രതിഷേധം
മുഖ്യമന്ത്രി എൻ. രംഗസ്വാമി ബജറ്റവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ഭരണ പക്ഷത്തു നിന്നുള്ള 3 ബിജെപി എംഎൽഎ മാരും ഒരു സ്വതന്ത്ര എംഎൽഎ യും നിയമസഭയിൽ നിന്ന് പ്രതിഷേധ വാക്ക് ഔട്ട് നടത്തി. ബിജെപി എംഎൽഎ മാരായ കല്യാണ സുന്ദരം, ജോൺ കുമാർ, റിച്ചാർഡ് ജോൺ കുമാർ സ്വതന്ത്ര എംഎൽഎ അങ്കാളൻ എന്നിവരാണ് ഇറങ്ങിപ്പോയത്. പിന്നീട് ഇവർ തിരിച്ചെത്തി സഭാനടപടി ക്രമങ്ങളിൽ പങ്കുകൊണ്ടു.
മുഖ്യമന്ത്രിയും എൻ.ആർ കോൺഗ്രസ് നേതാവുമായ എൻ. രംഗസ്വാമി നീതി ആയോഗ് യോഗത്തിൽ നിന്ന് വിട്ടു നിന്നതിനെ പിന്നീട് വാർത്താ സമ്മേളനത്തിൽ ബിജെപി നേതാവ് കല്യാണസുന്ദരം നിശിതമായി വിമർശിച്ചു. മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തിരുന്നെങ്കിൽ സംസ്ഥാന വികസനത്തിന് കൂടുതൽ വിഹിതം ലഭിച്ചേനെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
30 അംഗ പുതുച്ചേരി നിയമസഭയിൽ എൻഡിഎയ്ക്ക് ഇരുപത്തിയൊന്നും ഇന്ത്യ മുന്നണിക്ക് ഒമ്പതും എംഎൽഎമാരാണുള്ളത്. എൻഡിഎയിൽ എൻആർ കോൺഗ്രസിന് പത്തും ബിജെപിക്ക് ആറും എംഎൽഎമാരുണ്ട്. സ്വതന്ത്രരും എൻഡിഎക്കൊപ്പമാണ്. ആഭ്യന്തര മന്ത്രി നമ ശിവായത്തിൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം ബി ജെ പി എം.എൽഎമാർ രംഗസ്വാമിക്കൊപ്പമാണ്.
Also Read: തലശ്ശേരി-മാഹി ബൈപ്പാസില്‍ ടോള്‍ ഉയര്‍ത്തി ദേശീയപാത അതോറിറ്റി