ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ ആരംഭിച്ച മൂവാലൂർ രാമാമൃതം അമ്മയാർ ഉന്നതവിദ്യാഭ്യാസ അഷ്വറൻസ് സ്‌കീം അല്ലെങ്കിൽ 'പുതുമൈ പെൺ പദ്ധതി'യിൽ നിന്ന് 2.73 ലക്ഷം പെൺകുട്ടികൾക്ക് പ്രയോജനം ലഭിച്ചതായി തമിഴ്‌നാട് സർക്കാർ. 2022 ൽ സ്‌റ്റാലിൻ സർക്കാർ ആരംഭിച്ച ഈ പദ്ധതി സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികളുടെ പ്രവേശനത്തിൽ 34 ശതമാനം വർദ്ധനവിന് കാരണമായെന്നും പ്രസ്‌താവനയിൽ പറയുന്നു.
സംസ്ഥാന സർക്കാർ നടത്തുന്ന സ്‌കൂളുകളിൽ 6 മുതൽ 12 വരെ ക്ലാസുകൾ പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർഥിനികൾക്ക് പ്രതിമാസം 1,000 രൂപ സഹായം നൽകാനാണ് പുതുമൈ പെൻ പദ്ധതി ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയുടെ റിസർച്ച് ഗ്രാന്‍റ് പദ്ധതിക്ക് കീഴിൽ 1,960 നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും നിരവധി വിദ്യാർഥികൾക്ക് തമിഴ്‌നാട് മുഖ്യമന്ത്രി റിസർച്ച് ഫെലോഷിപ്പ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്നും സർക്കാർ പ്രസ്‌താവനയിൽ പറഞ്ഞു.
ചെന്നൈയിലെ പ്രസിഡൻസി കോളേജിൽ മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ പേരിൽ ഒരു ഓഡിറ്റോറിയം ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർമിക്കുന്നുണ്ടെന്നും പ്രസ്‌താവനയിൽ പറയുന്നു. 5,500 ചതുരശ്ര മീറ്ററിൽ 2,000 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം 63 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ നാൻമുദൽവൻ പദ്ധതി 27 ലക്ഷത്തിലധികം വിദ്യാർഥികൾക്ക് പ്രയോജനം ചെയ്‌തതായും 1.9 ലക്ഷത്തിലധികം വിദ്യാർഥികൾക്ക് തൊഴിലവസരങ്ങൾ ലഭിച്ചതായും പ്രസ്‌താവനയിൽ പറയുന്നു.
തമിഴ്‌നാട് നൈപുണ്യ വികസന കോർപ്പറേഷനുമായി സഹകരിച്ച് സർക്കാർ നടത്തുന്ന പോളിടെക്‌നിക്, എഞ്ചിനീയറിങ്, ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർഥികൾക്കായി തമിഴ്‌നാട് സർക്കാർ നാൻ മുതൽവൻ പദ്ധതി പ്രകാരം പാഠ്യപദ്ധതി കോഴ്‌സുകൾ അവതരിപ്പിച്ചു.
'നാൻ മുതൽവൻ' കോളേജ് വിദ്യാർഥികൾക്ക് അവരുടെ കരിയർ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായിക്കുന്ന അവരുടെ തെരഞ്ഞെടുത്ത താൽപ്പര്യ മേഖലയിൽ പരിശീലനം നേടാൻ സഹായിക്കുന്ന കോഴ്‌സുകളെക്കുറിച്ചും വ്യവസായ-നിർദ്ദിഷ്‌ട നൈപുണ്യ വാഗ്‌ദാനങ്ങളെക്കുറിച്ചും വിവരങ്ങൾ നൽകുന്നു.
സർക്കാർ സ്‌കൂളുകളിൽ പഠിച്ചവർക്ക് നൽകുന്ന പ്രൊഫഷണൽ കോഴ്‌സുകളിലെ 7.5 ശതമാനം സംവരണത്തിൻ്റെ ആനുകൂല്യം നേടിയ 28,601 വിദ്യാർഥികൾക്ക് ഹോസ്റ്റലിനും മറ്റ് ചെലവുകൾക്കുമായി സംസ്ഥാന സർക്കാർ 213.37 കോടി രൂപ ധനസഹായം നൽകിയിട്ടുണ്ട്.
13,241 ഒന്നാം ഘട്ട പഠിതാക്കൾക്ക് പ്രയോജനപ്പെടുന്നതിനായി തമിഴ്‌നാട് സർക്കാർ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 1,000 കോടി രൂപയുടെ സഹായം നൽകിയതായി പ്രസ്‌താവനയിൽ പറയുന്നു.