കൊൽക്കത്ത: ആർജി കാർ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അജ്ഞാത സംഘത്തിന്‍റെ ആക്രമണത്തില്‍ പ്രതികരിച്ച് പുതുതായി നിയമിച്ച പ്രിൻസിപ്പൽ സുഹ്‌രിത പാല്‍. സംഭവത്തില്‍ ഉടനടി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയതിന് പിന്നാലെയാണ് പ്രതികരണം. നിങ്ങൾക്ക് എന്നെ ഒരു മണിക്കൂർ വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ എന്നെ വീട്ടിലേക്ക് തിരിച്ച് അയക്കണമെന്ന് സുഹ്‌രിത പാല്‍ പറഞ്ഞു. എനിക്ക് ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു മണിക്കൂർ സമയം വേണം.
നിങ്ങൾ എന്നെ വിശ്വസിക്കണം. ഞാൻ എവിടെയും പോകില്ല. നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലെങ്കില്‍ എന്നില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കരുതെന്നും പ്രിൻസിപ്പൽ പ്രതിഷേധക്കാരോട് പറഞ്ഞു. ഇന്നലെ (ഓഗസ്റ്റ് 14) രാത്രിയാണ് ആശുപത്രിയില്‍ അജ്ഞാത സംഘത്തിന്‍റെ ആക്രമണമുണ്ടായത്.
ഇതില്‍ കുറ്റക്കാരെ കണ്ടെത്താന്‍ ഉടനടി നടപടി വേണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ചിരുന്നു. പിജി ഡോക്‌ടര്‍ ആശുപത്രിയില്‍ ബലാംത്സത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
പ്രതിഷേധവുമായെത്തിയ ഡോക്‌ടര്‍മാര്‍ക്കൊപ്പം വേഷം മാറിയെത്തിയ അജ്ഞാത സംഘമാണ് ആശുപത്രിയില്‍ ആക്രമണം നടത്തിയത്. പ്രതിഷേധിച്ചിരുന്ന ഡോക്‌ടര്‍മാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലെ അത്യാഹിത വിഭാഗം പൂര്‍ണമായും അടിച്ചു തകര്‍ത്ത സംഘം പ്രതിഷേധ പന്തലും നശിപ്പിച്ചു.
ഓഗസ്റ്റ് 9നാണ് പ്രതിഷേധത്തിനിടയാക്കിയ ഡോക്‌ടറുടെ കൊലപാതകം. പിജി ട്രെയിനി ഡോക്‌ടറാണ് ആശുപത്രിക്കുള്ളില്‍ ക്രൂരമായി ബലാംത്സത്തിനിരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സെമിനാർ ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഡോക്‌ടര്‍മാരുടെ സംഘം പ്രതിഷേധവുമായി രംഗത്തെത്തിയത്.