അബുദാബി: അബുദാബിയിലെ ബോചസാന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ സന്‍സ്ഥ(ബിഎപിഎസ്) പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. കല്ലില്‍ കൊത്തിയെടുത്ത ഈ മഹാക്ഷേത്രം മാനവികതയുടെ പങ്കാളിത്ത പൈതൃക പ്രതീകമെന്ന് മോദി പറഞ്ഞു. മാനവചരിത്രത്തില്‍ ഒരു പുതു അധ്യായം രചിച്ച യുഎഇയ്ക്ക് പ്രധാനമന്ത്രി മോദി നന്ദി രേഖപ്പെടുത്തി.
അബുദാബിയിലെ ഈ മഹാക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയ ഭരണാധികാരി മുഹമ്മദ് സയീദ് അല്‍ നഹ്യാന് അദ്ദേഹം നന്ദി അറിയിച്ചു. യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ മനസ് മാത്രമല്ല അദ്ദേഹം കവര്‍ന്നതെന്നും മറിച്ച് 140 കോടി ഇന്ത്യാക്കാരുടെ ഹൃദയമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഈ ക്ഷേത്രം മതസൗഹാര്‍ദ്ദത്തിന്‍റെ മാത്രം പ്രതീകമല്ല. മറിച്ച് ആഗോള ഐക്യത്തിന്‍റെ കൂടി പ്രതീകമാണ്. യുഎഇയിലെ ഭരണാധികാരികള്‍ക്ക് പുറമെ വിവിധ മതങ്ങളിലെ പുരോഹിതന്‍മാരും ചടങ്ങില്‍ സംബന്ധിച്ചു. നാം വൈവിധ്യത്തില്‍ വിദ്വേഷം കാണുന്നില്ല. വൈവിധ്യമാണ് നമ്മുടെ പ്രത്യേകത. ഈ ക്ഷേത്രത്തിന്‍റെ ഓരോ പടവുകളിലും വിവിധ വിശ്വാസങ്ങളുടെ ഒളിമിന്നാട്ടങ്ങള്‍ കാണാം.
ബുര്‍ജ് ഖലീഫയും ഫ്യൂച്ചര്‍ മ്യൂസിയവും അടക്കമുള്ള സാംസ്‌കാരിക വൈവിധ്യങ്ങളുടെ പേരില്‍ അറിയപ്പെടുന്ന യുഎഇ ഇന്ന് മുതല്‍ ഈ മഹാക്ഷേത്രത്തെ കൂടി തങ്ങളുടെ സാംസ്‌കാരിക വൈവിധ്യത്തിന്‍റെ ഭാഗമാക്കുകയാണ്. നിരവധി ഭക്തര്‍ ഈ ക്ഷേത്രം ദര്‍ശിക്കാനെത്തുമെന്ന കാര്യം ഉറപ്പാണ്. അതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അടുത്തമാസം ഒന്നുമുതല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമുണ്ടാകൂ. രാജ്യത്തെ ആദ്യ ഹിന്ദു ക്ഷേത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ക്ഷേത്ര സമര്‍പ്പണത്തിന് ശേഷം പ്രധാനമന്ത്രി ഖത്തറിലേക്ക് പോകും(first Hindu temple).
കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ ഇന്ത്യയ്ക്ക് സമഗ്ര പദ്ധതികളുണ്ടെന്ന് നേരത്തെ ലോക സര്‍ക്കാരുകളുടെ ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തവെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഭൂമിയെ സംരക്ഷിക്കാനുള്ള ഉദ്യമത്തിന്‍റെ മകുടോദാഹരണമാണ് ലൈഫ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. സൗര, വാത, ജല, ജൈവ ഇന്ധന, ഹരിത ഹൈഡ്രജന്‍ രംഗങ്ങളില്‍ ഇന്ത്യ ബഹൂദൂരം മുന്നേറിക്കഴിഞ്ഞു. കാര്‍ബണ്‍ ഇന്ധനങ്ങള്‍ക്ക് ഹരിത ഇന്ധനങ്ങളിലൂടെ നാം മറുപടി നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു(Mohamed bin Zayed Al Nahyan).
തന്‍റെ ഭരണത്തില്‍ ആരോടും വിവേചനമില്ലെന്നും മോദി പറഞ്ഞു. അഴിമതിയോട് യാതൊരു വിട്ടുവീഴ്ചയുമില്ല.
നേരത്തെ ദുബായിലെ ജെബേല്‍ അലിയില്‍ ഭാരത് മാര്‍ട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമും ചേര്‍ന്ന് തറക്കല്ലിട്ടു. കൂറ്റന്‍ വ്യവസായ വാണിജ്യ സമുച്ചയമാണിത്. ഇന്ത്യന്‍ വ്യവസായ സംരംഭങ്ങള്‍ക്ക് വേണ്ടിയുള്ളസമുച്ചയമാണിത്. ചടങ്ങുകള്‍ ഓണ്‍ലൈനായാണ് നടന്നത്. നേരത്തെ വ്യവസായവും നിക്ഷേപവും സംബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്‍റ് കൂടിയായ റാഷിദ് അല്‍മക്തൂമുമായി മോദി ചര്‍ച്ച നടത്തിയിരുന്നു.
സാമൂഹ്യ-സാമ്പത്തിക ഉള്‍ക്കൊള്ളലിനാണ് തന്‍റെ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടില്ലാത്ത അന്‍പത് കോടി പേര്‍ക്ക് അക്കൗണ്ട് നല്‍കിയതിലൂടെ ഇത് സാധ്യമായിരിക്കുന്നു. ഡിജിറ്റല്‍ ഇടപാടു രംഗത്തും ഇത് വലിയ കുതിച്ച് ചാട്ടത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. വനിതകള്‍ നയിക്കുന്ന സംരംഭങ്ങള്‍ക്കും തന്‍റെ സര്‍ക്കാര്‍ വേണ്ട പ്രോത്സാഹനം നല്‍കുന്നുണ്ട്. മിനിമം ഗവണ്‍മെന്‍റും പരമാവധി ഭരണവും എന്നതാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കുറച്ച് നാളായി ഇന്ത്യന്‍ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം വര്‍ദ്ധിച്ചിരിക്കുന്നുവെന്നും മോദി അവകാശപ്പെട്ടു. കാരണം തങ്ങള്‍ ഭരണത്തില്‍ പൊതുവികാരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസായത്തിലൂടെയും സാങ്കേതികതയിലൂടെയുമാണ് ദുബായ് ആഗോള സമ്പദ്ഘടനയുടെ പ്രഭവകേന്ദ്രമായി മാറിയതെന്നും മോദി ചൂണ്ടിക്കാട്ടി. തന്നെ ആഗോള സര്‍ക്കാര്‍ ഉച്ചകോടിയിലേക്ക് ക്ഷണിച്ച റാഷിദ് അല്‍ മക്തൂമിന് മോദി നന്ദിയും രേഖപ്പെടുത്തി.