ജലോർ (രാജസ്ഥാൻ): കോൺഗ്രസിന്‍റെ ശോച്യാവസ്ഥയിൽ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുകാലത്ത് 400 സീറ്റുകൾ നേടിയ കോൺഗ്രസിന് ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 300 സീറ്റുകളിൽ പോലും മത്സരിക്കാൻ കഴിയുന്നില്ല. പാർട്ടി ഇന്ന് അസ്ഥിരതയുടെ പ്രതീകമാണെന്നും രാജസ്ഥാനിലെ ജലോറിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവേ മോദി പരിഹസിച്ചു.
രാജ്യത്തെ ജനങ്ങൾ കോൺഗ്രസ് ചെയ്‌ത പാപങ്ങൾക്ക് അവരെ ശിക്ഷിക്കുകയാണെന്നും മോദി തുറന്നടിച്ചു. 'എല്ലാ തവണയും നിങ്ങൾ ബിജെപിക്ക് അനുഗ്രഹമേകി, ഇത്തവണയും ജലോർ-സിരോഹിയിലെ ജനങ്ങൾ പറയുന്നത് 'ഫിർ ഏക് ബാർ മോദി സർക്കാർ' എന്നാണ്.' മോദി പറഞ്ഞു.
കേന്ദ്രത്തിൽ ശക്തമായ ഒരു സർക്കാരുണ്ടാക്കാന്‍ നൽകാൻ കോൺഗ്രസിന് കഴിയില്ലെന്ന് രാജസ്ഥാനിലെ ദേശസ്‌നേഹികൾക്ക് അറിയാം. റിമോട്ട് കൺട്രോളിലാണ് അവരുടെ സർക്കാർ പ്രവർത്തിച്ചിരുന്നത്. 2014 ന് മുമ്പ് നിലനിന്നിരുന്ന സാഹചര്യങ്ങൾ വീണ്ടും തിരിച്ചുവരാൻ രാജ്യം ആഗ്രഹിക്കുന്നില്ലെന്നും മോദി വ്യക്‌തമാക്കി.
അസ്ഥിരതയുടെ പ്രതീകമായ കോൺഗ്രസ് പാർട്ടിക്കും സഖ്യത്തിനും ഒരിക്കലും രാജ്യത്തെ ശരിയായ രീതിയിൽ നയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 60 വർഷം അധികാരത്തിലിരുന്ന കോൺഗ്രസ്, ഒരുകാലത്ത് 400 സീറ്റ് നേടിയിരുന്നു, എന്നാൽ ഇന്ന് 300 സീറ്റിൽ സ്ഥാനാർഥികളെ കണ്ടെത്താനാകുന്നില്ല, സഖ്യകക്ഷികൾ തന്നെ സംസ്ഥാനങ്ങളില്‍ കുറഞ്ഞത് 25 ശതമാനം സീറ്റുകളിലും പരസ്‌പരം മത്സരിക്കുന്നു എന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
രാജ്യത്തെ എല്ലാ വീടുകളിലും കർഷകരിലും വെള്ളം എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് തന്‍റെ സർക്കാർ ദൗത്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 5 വർഷത്തിനിടെ 11 കോടിയിലധികം കുടുംബങ്ങൾ ജൽ ജീവൻ ദൗത്യത്തിന് കീഴിൽ പ്രയോജനം നേടിയിട്ടുണ്ട്. നിർഭാഗ്യവശാൽ, രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ ഇതിലും അഴിമതി നടത്തി.
ഇതേക്കുറിച്ച് ഭജൻലാൽ സർക്കാർ അന്വേഷണം നടത്തിവരികയാണ്. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ ഇല്ലായിരുന്നുവെങ്കിൽ 'ഹർ ഘർ ജൽ' പദ്ധതി പ്രകാരം നമുക്ക് ലക്ഷ്യത്തിലെത്താൻ കഴിയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിൽ 25 ലോക്‌സഭ സീറ്റുകളാണുള്ളത്. സംസ്ഥാനത്തെ 12 ലോക്‌സഭ സീറ്റുകളിലേക്കാണ് ഏപ്രില്‍ 19 ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ശേഷിക്കുന്ന 13 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 26 ന് നടക്കും.