ബെംഗളൂരു: ലൈംഗിക പീഡന പരാതിയില്‍ അറസ്‌റ്റിലായ മുൻ എംപി പ്രജ്വല്‍ രേവണ്ണയെ ജൂൺ 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബെംഗളൂരുവിലെ 42-ാം എസിഎംഎം കോടതിയാണ് ഉത്തരവിറക്കിയത്. എസ്ഐടിയുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. തുടർന്ന് എസ്ഐടി ഉദ്യോഗസ്ഥർ പ്രജ്വലിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. 14 ദിവസത്തേക്കാണ് പ്രജ്വലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് എസ്ഐടി ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ചിരുന്നു. മെയ് 31നാണ് പ്രജ്വല്‍ രേവണ്ണ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. ജൂൺ 6 വരെ പ്രജ്വലിനെ എസ്ഐടി കസ്‌റ്റഡിയിൽ വിട്ടു. പിന്നീട് എസ്ഐടിയുടെ കസ്‌റ്റഡി കാലാവധി ജൂൺ 10 വരെ നീട്ടി. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം എസ്ഐടി കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് എസ്ഐടി ഹാജരാക്കിയ തെളിവുകൾ പരിഗണിച്ച കോടതി ഇയാളെ ജൂൺ 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ തീരുമാനിക്കുകയായിരുന്നു.
നിരവധി സ്‌ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന കേസിലാണ് പ്രജ്വല്‍ അറസ്‌റ്റിലായത്. മെയ് 30നാണ് ജര്‍മനിയില്‍ നിന്ന് ബെംഗളുരുവില്‍ മടങ്ങിയെത്തിയ പ്രജ്വലിനെ ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വെച്ച് അറസ്‌റ്റ് ചെയ്‌തത്.