ഗൊരഖ്‌പൂര്‍ : തര്‍ക്കത്തിനിടെ കോഴിഫാം ഉടമ ഡ്രൈവറെ വെടിവച്ച് പരിക്കേല്‍പ്പിച്ചു. ഉത്തര്‍ പ്രദേശിലെ സോൻബർസ ഏരിയയിലാണ് സംഭവം. രാമുദിഹ ഗ്രാമത്തിലെ ഗുഡ്ഡു എന്ന അമൃത് നാഥ് സിങ്ങാണ് തന്‍റെ ഡ്രൈവറായ മനീഷ് സിങ്ങിന് നേരെ വെടിയുതിര്‍ത്തത്. നെഞ്ചിൽ വെടിയേറ്റ മനീഷ് സിങ്ങ് ബിആർഡി മെഡിക്കൽ കൊളേജിൽ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
അമൃത് നാഥ് സിങ്ങിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. സംഭവത്തിന് ഉപയോഗിച്ച പിസ്‌റ്റൾ പ്രതിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. അമൃത് നാഥ് സിങ്ങിന്‍റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിൽ കഴിഞ്ഞ 10 വർഷമായി മനീഷ് സിങ്ങ് ഡ്രൈവറായി ജോലി ചെയ്‌ത് വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. എയിംസ് ഏരിയയിലെ ഭട്‌ഗവാൻ ഗ്രാമത്തിലെ താമസക്കാരനായ മനീഷ് സിങ്ങ് കഴിഞ്ഞ ആറ് വർഷമായി ഒരു സ്‌ത്രീയുമായി ബന്ധത്തിലാണെന്ന് ആരോപിക്കപ്പെടുന്നു. മനീഷ് വിവാഹിതനും രണ്ട് പെൺമക്കളുടെ പിതാവുമാണ്.
ശനിയാഴ്‌ച മനീഷ്, സഹോദരൻ ശിവം, ഭാര്യാസഹോദരൻ സന്ദേശ് സിങ്ങ് എന്നിവർ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്‌ക്ക് ഗുഡ്ഡുവിന്‍റെ കോഴി ഫാമിൽ എത്തി. സംസാരത്തിനിടെ മനീഷും പൗൾട്രി ഫാം ഉടമയും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കുതർക്കം പിന്നീട് സംഘര്‍ഷമായി. ഗുഡ്ഡു മനീഷിനെ തല്ലുകയും മനീഷ് എതിര്‍ക്കാന്‍ മുതിര്‍ന്നതോടെ ഫാം ഉടമ വെടിയുതിർക്കുകയുമായിരുന്നു എന്ന് പൊലീസ് സൂപ്രണ്ട് കൃഷൻ കുമാർ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read : ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവാവിനെ ഹോട്ടലിൽ വെടിവച്ചു കൊന്നു ; ഗുണ്ടാ കുടിപ്പകയെന്ന് സംശയം
സർക്കിൾ ഓഫീസർ അൻഷിക വർമയും ഫോറൻസിക് സംഘവും കുറ്റകൃത്യം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. പ്രതിക്കെതിരെ ഐപിസി സെക്ഷൻ 307 (കൊലപാതകശ്രമം) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.