മഹാരാഷ്‌ട്ര : പൂനെയിലെ പോര്‍ഷെ കാര്‍ അപകടക്കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ രക്ത സാമ്പിളില്‍ കൃത്രിമം കാണിച്ച ഡോക്‌ടര്‍മാര്‍ അറസ്റ്റില്‍. സാംസൂണ്‍ ജനറല്‍ ആശുപത്രിയിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. അജയ് തവാരെ, ഡോ. ശ്രീഹരി ഹര്‍നോള്‍ എന്നിവരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
ഇതിന് പിന്നാലെ രക്തത്തിലെ ആല്‍ക്കഹോള്‍ സംബന്ധിച്ചുള്ള പരിശോധനയ്‌ക്കിടെ ഡോക്‌ടര്‍മാര്‍ രക്ത സാമ്പിള്‍ മാറ്റുകയായിരുന്നു. മദ്യപിച്ച പ്രതിയുടെ രക്ത സാമ്പിളിന് പകരം മദ്യപിക്കാത്ത ഒരാളുടെ രക്തം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയതിനാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്‌തത്. റിപ്പോര്‍ട്ടില്‍ സംശയം തോന്നിയ പൊലീസ് സ്വകാര്യാശുപത്രിയില്‍ വച്ച് വീണ്ടും രക്ത സാമ്പിള്‍ പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്. അറസ്റ്റിലായ ഡോക്‌ടര്‍മാരെ ഇന്ന് (മെയ് 27) കോടതിയില്‍ ഹാജരാക്കും.
മെയ് 21ന് പുലര്‍ച്ചെയാണ് 17കാരന്‍ ഓടിച്ച വാഹനം ഇടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. മധ്യപ്രദേശ് സ്വദേശികളായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് മരിച്ചത്. പൂനെയിലെ കല്ല്യാണി നഗറില്‍ വച്ചാണ് അപകടമുണ്ടായത്.
മദ്യലഹരിയില്‍ കാര്‍ ഓടിച്ചതാണ് അപകടത്തിന് കാരണമായത്. ബൈക്ക് യാത്രികരായ യുവാക്കളെ ഇടിച്ചിട്ട കാര്‍ റോഡിലെ നടപ്പാതയില്‍ ഇടിച്ചാണ് നിന്നത്. സംഭവത്തിന് പിന്നാലെ കാര്‍ ഓടിച്ച 17 കാരനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
സംഭവത്തില്‍ 17കാരന്‍റെ പിതാവിനും മുത്തശ്ശനും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് മദ്യം നല്‍കിയ ബാര്‍ ഉടമയ്‌ക്കും ജീവനക്കാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഡോക്‌ടര്‍മാര്‍ രക്ത സാമ്പിളില്‍ കൃത്രിമം കാണിച്ചത്.
Also Read: പൂനെ പോര്‍ഷെ കാര്‍ അപകടം: ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; പ്രതിയുടെ മുത്തച്‌ഛനും അറസ്‌റ്റിൽ