മുംബൈ : താൻ മരിച്ചിട്ടില്ലെന്നും, മരിച്ചെന്ന വാർത്ത കാൻസർ ബോധവത്കരണത്തിന്‍റെ ഭാഗമെന്നും നടി പൂനം പാണ്ഡെ. ഇൻസ്‌റ്റഗ്രാമിലൂടെയാണ് നടിയുടെ വിശദീകരണം. വ്യാജ വാർത്ത നൽകിയത് സെര്‍വിക്കല്‍ കാൻസറിനെപ്പറ്റി ബോധവത്കരണം നടത്താനാണ്. വാർത്തയിലൂടെ വേദനിപ്പിച്ചതിന് മാപ്പെന്നും പൂനം ഇന്ന് (03.02.24) ഇൻസ്‌റ്റഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെ പറഞ്ഞു.
സെര്‍വിക്കല്‍ കാൻസർ ബാധിച്ച് താന്‍ മരിച്ചെന്ന റിപ്പോർട്ടുകൾ വന്ന് ഒരു ദിവസത്തിന് ശേഷമാണ് പൂനം വിശദീകരണവുമായി രംഗത്തെത്തിയത്. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുക എന്നതായിരുന്നു തന്‍റെ ഉദ്ദേശം.
മരണത്തെക്കുറിച്ച് വ്യാജവാര്‍ത്ത ഉണ്ടാക്കിയതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു. തന്നെ സെർവിക്കൽ കാൻസർ ബാധിച്ചിട്ടില്ല. പക്ഷേ ഈ രോഗത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് അറിവില്ലാത്ത ആയിരക്കണക്കിന് സ്ത്രീകളുടെ ജീവൻ അത് കവര്‍ന്നിട്ടുണ്ട്. മറ്റു കാന്‍സറുകള്‍ പോലെ സെര്‍വിക്കല്‍ കാന്‍സറും തടയാം. രോഗം നേരത്തെ തിരിച്ചറിയുന്നതിലൂടെയും എച്ച്പിവി വാക്‌സിനെടുത്തും അതിനെ ചെറുക്കാനാകുമെന്നും പൂനം പറഞ്ഞു.
ഇതിനുശേഷം മറ്റൊരു പോസ്‌റ്റില്‍ തന്‍റെ മരണത്തിനുപിന്നാലെ പ്രകടിപ്പിച്ച കരുതലിനെ താരം അഭിനന്ദിച്ചു. "സെർവിക്കൽ ക്യാൻസർ മൂലമുള്ള എൻ്റെ മരണത്തെക്കുറിച്ചുള്ള പുതിയ വാർത്ത നിങ്ങൾക്ക് ദഹിക്കാൻ ഒരു മിനിറ്റെടുത്തെന്ന് ഞാൻ മനസ്സിലാക്കുന്നു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകം നീട്ടിയ ഊഷ്‌മളതയെയും കരുതലിനെയും ഞാൻ അഭിനന്ദിക്കുന്നു."- പൂനം കുറിച്ചു.
Also Read: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡാമില്‍ അശ്ലീല വീഡിയോ ചിത്രീകരണം, നടി പൂനം പാണ്ഡെയ്‌ക്കെതിരെ കേസ്
വെള്ളിയാഴ്‌ച (02.02.24) രാവിലെയാണ് പൂനത്തിന്‍റെ ഔദ്യോഗിക ഇൻസ്‌റ്റഗ്രാം പേജിലൂടെ മരണവാർത്ത പുറത്തുവന്നത്. നമ്മുടെ പ്രിയപ്പെട്ട പൂനം സെർവിക്കൽ കാൻസറിന് കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവർക്ക് അവരുടെ സ്നേഹവും കരുതലും എന്താണെന്ന് അറിയാം എന്ന കുറിപ്പ് പൂനത്തിന്‍റെ സോഷ്യൽ മീഡിയ ടീമിന്‍റെ പേരിലാണ് വന്നത്. പൂനത്തിന്‍റെ മാനേജർ നികിത ശർമ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു.