ബെർഹാംപൂർ (ഒഡീഷ): ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ കണ്ടെയ്‌നർ ട്രക്ക് നിറയെ ഇറച്ചി പിടികൂടി. പശുവിറച്ചിയാണെന്ന് സംശയിച്ചാണ് വാഹനം പിടികൂടിയത്. വാഹനത്തിന്‍റെ ഡ്രൈവറായ ഹരിയാന സ്വദേശി എ ഖാൻ എന്നയാളെ അറസ്‌റ്റ് ചെയ്‌തു. ചരക്കുമായി ബന്ധപ്പെട്ട രേഖകളൊന്നും ഇല്ലാത്തതിനാലാണ് അറസ്‌റ്റ് ചെയ്‌തതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കണ്ടെയ്‌നറിൽ ഏതുതരം മാംസമാണെന്ന് കണ്ടെത്താൻ പൊലീസ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഒഡീഷയിലെ ഖുർദയിൽ നിന്ന് ആന്ധ്രാപ്രദേശിലേക്ക് പോവുകയായിരുന്ന കണ്ടെയ്‌നർ ചാമകഹണ്ടി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പൊകാഡിബന്ദ് എന്ന സ്ഥലത്ത് വെച്ചാണ് പിടികൂടിയത്. ബീഫ് കയറ്റിയെന്ന് സംശയിച്ച് ഗോസംരക്ഷണ പ്രവർത്തകർ വാഹനം തടഞ്ഞുനിർത്തുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
മാംസം കടത്താൻ അനുമതി നൽകുന്ന സാധുവായ രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാലാണ് ഡ്രൈവറെ അറസ്‌റ്റ് ചെയ്‌തതെന്ന് ചാമഖണ്ഡി പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ ഇൻ ചാർജ് ബിദ്യ ഭാരതി നായക് പറഞ്ഞു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായും പറഞ്ഞു. 18 ടൺ ഇറച്ചിയാണ് കണ്ടെയ്‌നറിൽ ഉണ്ടായിരുന്നത്.
ALSO READ: മയിലിന് ദേശീയ ബഹുമതികളോടെ സംസ്‌കാരം; സംഭവം ബനാറസ് ഹിന്ദു സർവകലാശാലയില്‍