ലഖ്‌നൗ: പരീക്ഷ നടത്തിപ്പ് കമ്പനിയുടെ വീഴ്‌ച മൂലമാണ് 2023ലെ ഉത്തര്‍പ്രദേശ് പൊലീസ് കോണ്‍സ്റ്റബിള്‍ നിയമന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്ന് പരീക്ഷ നടത്തിയ ഗുജറാത്ത് ആസ്ഥാനമായ എജ്യു ടെസ്റ്റ് എന്ന കമ്പനിയെ കരിം പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതിനിടെ കമ്പനിയുടമ വിനീത് ആര്യ അമേരിക്കയിലേക്ക് കടന്നുവെന്നും റിപ്പോര്‍ട്ട്.
എജ്യു ടെസ്റ്റ് തന്നെയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കമ്പനിക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനകം നാല് തവണ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിനീത് ആര്യയ്ക്ക് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കി. എന്നാല്‍ ഇതുവരെ ഇയാള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കിയിട്ടില്ല.
ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായതിന് തൊട്ടുപിന്നാലെ തന്നെ ഇയാള്‍ അമേരിക്കയിലേക്ക് കടന്നതായാണ് വിവരം. ഈ സാഹചര്യത്തില്‍ ഇയാള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കാതെ ഇരുന്നാല്‍ ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്‍റ നീക്കം. ഇയാള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ കിട്ടിയതിനാലാണ് 4 മാസമായി ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടുന്നത്.
പുതിയ പരീക്ഷ ഓഗസ്റ്റിന് മുമ്പ്: ഉത്തര്‍പ്രദേശ് നിയമന-സ്ഥാനക്കയറ്റ ബോര്‍ഡ്, ഉത്തര്‍പ്രദേശ് കോണ്‍സ്റ്റബിള്‍ പരീക്ഷ ഇക്കഴിഞ്ഞ ഫെബ്രുവരി പതിനേഴിനും പതിനെട്ടിനുമായി നടത്തിയിരുന്നു. എന്നാല്‍ ഈ രണ്ടു ദിവസങ്ങളിലും രണ്ടാം ഷിഫ്‌റ്റില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതോടെ വീണ്ടും പരീക്ഷ നടത്തണമെന്ന ആവശ്യം ശക്തമായി. തുടര്‍ന്ന് ഫെബ്രുവരി 24ന് പരീക്ഷ റദ്ദാക്കിക്കൊണ്ട് ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവിറക്കി.
ആറ് മാസത്തിനകം പുതിയ പരീക്ഷ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരുപത്തഞ്ചിനകം പുതിയ പരീക്ഷ തീയതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇതിനകം പന്ത്രണ്ട് പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തു. മുഖ്യസൂത്രധാരന്മാരായ രവി അത്രി, രാജീവ് നയന്‍ മിശ്ര അടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്.
Also Read: നീറ്റ് റദ്ദാക്കാനുള്ള ഹർജികള്‍ : കേന്ദ്രത്തിനും എന്‍ടിഎയ്ക്കും സുപ്രീംകോടതി നോട്ടീസ്