ഡൽഹി : സമൂഹമാധ്യമത്തിൽ ആക്ഷേപകരമായ പ്രസ്‌താവന പോസ്റ്റ് ചെയ്‌തതിന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ (Mani Shankar Aiyar) മകൾ സുരണ്യ അയ്യർക്കെരിരെ പരാതി. ബിജെപി നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ അജയ് അഗർവാളാണ് സുരണ്യ അയ്യർക്കെരിരെ (Suranya Aiyar) പരാതി നൽകിയത്. ഡൽഹി ക്രൈം പൊലീസിലാണ് പരാതി നൽകിയത്.
ജനുവരി 20 നും മറ്റ് തീയതികളിലും സുരണ്യ അയ്യർ അയോധ്യയിലെ ബാബറി മസ്‌ജിദ് (Babri Masjid) പൊളിച്ചതിനെതിരെയും, രാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠയെ (Ayodhya Ram Mandir) അപകീർത്തിപ്പെടുത്തുന്ന തരത്തിലുമുള്ള ആക്ഷേപകരമായ പരാമർശങ്ങൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നടത്തിയെന്ന് ആരോപിച്ചാണ് പരാതി. പരാതിയോടൊപ്പം സുരണ്യ ജനുവരി 20 ന് പോസ്റ്റ് ചെയ്‌ത വീഡിയോയുടെ ലിങ്കും അദ്ദേഹം നൽകിയിട്ടുണ്ട്. യൂട്യൂബിലും ഫേസ്‌ബുക്കിലും സുരണ്യ അയ്യർ പോസ്റ്റ് ചെയ്‌ത 36 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ വിശദമായി പരിശോധിച്ച് അവർക്കതിരെ സെക്ഷൻ 153-എ (മതത്തിൻ്റെ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന്) പ്രകാരവും ഐ പി സിയുടെ മറ്റ് വകുപ്പുികൾ പ്രകാരവും കർശന നടപടി എടുക്കണമെന്ന് അജയ് അഗർവാൾ ആവശ്യപ്പെട്ടു.
ഹിന്ദു മതത്തിന്‍റെയും ദേശീയതയുടെയും പേര് പറഞ്ഞ് നടത്തുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ച് സുരണ്യ അയ്യര്‍ മൂന്ന് ദിവസം നീണ്ട ഉപവാസം അനുഷ്‌ഠിച്ചിരുന്നു. ജനുവരി 20 മുതൽ 23 വരെ നടത്തിയ ഉപവാസത്തിന്‍റെ വിവരം സുരണ്യ സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയും ചെയ്‌തു. ഇതോടൊപ്പമാണ് സുരണ്യ രാമക്ഷേത്രത്തിനെതിരെ പ്രതികരിച്ചത്.
അതിനിടെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠയ്‌ക്കെതിരെ സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രസ്‌താവന നടത്തിയതിന്‍റെ പേരിൽ സുരണ്യ അയ്യരോട് ഡൽഹിയിലെ ജംഗ്‌പുര എക്സ്റ്റൻഷൻ്റെ റസിഡൻ്റ്‌സ് വെൽഫെയർ അസോസിയേഷൻ താമസ സ്ഥലം മാറാൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് റസിഡൻ്റ്‌സ് വെൽഫെയർ അസോസിയേഷൻ നോട്ടിസ് നൽകുകയും ചെയ്യുകയുണ്ടായി.
നോട്ടിസിൽ പറയുന്നത് ഇങ്ങനെ : 'രാമക്ഷേത്രത്തിനെതിരെയുള്ള നിങ്ങളുടെ നിലപാടിൽ നിങ്ങൾ ഉറച്ച് നിൽക്കുകയാണെങ്കിൽ നിങ്ങളുടെ അതേ നിലപാടുള്ള ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിൽ പോയി താമസിക്കുക. അത്തരം നിലപാടുകാരോടൊപ്പം താമസിക്കുകയാണെങ്കിൽ അവർക്ക് ചിലപ്പോൾ നിങ്ങൾ ഉന്നയിക്കുന്ന വാദങ്ങൾ കേട്ട് കണ്ണടയ്‌ക്കാൻ കഴിയും' -അസോസിയേഷൻ നോട്ടിസില്‍ പറഞ്ഞു.
'ഭാരതത്തിലെ ഓരോ പൗരന്മാർക്കും അഭിമാനമായ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠയ്‌ക്കെതിരെ നിങ്ങൾക്ക് അന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നിങ്ങൾക്ക് കോടതിയെ സമീപിക്കാം. ഇനി ഒരിക്കൽ കൂടി കോളനിയിലെ ആളുകളിൽ പിരിമുറുക്കവും വിദ്വേഷവും സൃഷ്‌ടിക്കുന്ന തരത്തിലുള്ള വിമർശനങ്ങ നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠയ്‌ക്കെതിരെ എന്താണ് ചെയ്‌തതെന്ന് ഇപ്പോഴും നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് മറ്റൊരു സ്ഥലത്തേക്ക് താമസം മാറാം' -നോട്ടിസില്‍ റസിഡൻ്റ്‌സ് വെൽഫെയർ അസോസിയേഷൻ വ്യക്തമാക്കി.